റിയാദ്- തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ 42 കവർച്ചകൾ നടത്തിയ അഞ്ചംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ഈജിപ്തുകാരാണ്. ഇരുപതു മുതൽ നാൽപതു വരെ പ്രായമുള്ളവരാണ് പിടിയിലായത്. പൂട്ടുകൾ പൊളിച്ച് വ്യാപാര സ്ഥാപനങ്ങളിലും കമ്പനി ആസ്ഥാനങ്ങളിലും ഗോഡൗണുകളിലും കയറി പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കുന്നത് പതിവാക്കിയ സംഘമാണ് അറസ്റ്റിലായത്. കവർച്ച നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചു. പതിനേഴ് ലക്ഷം റിയാലിന്റെ കവർച്ചകളാണ് സംഘം നടത്തിയതെന്നും പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു.