Sorry, you need to enable JavaScript to visit this website.

ഷെഹല ഷെറിന്റെ മരണം: കുറ്റക്കാരെ  പുറത്താക്കുന്നതുവരെ സമരമെന്നു വിദ്യാർഥികൾ

ബത്തേരി ഗവ. സർവജന സ്‌കൂളിനു മുന്നിൽ വിദ്യാർഥികൾ കരിങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കുന്നു. 

ബത്തേരി - ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ ഗവ. സർവജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ തക്കസമയം വൈദ്യസഹായം ലഭിക്കാതെ മരിച്ചതിന് ഉത്തരവാദികളായ മുഴുവൻ പേരെയും ജോലിയിൽനിന്ന് പുറത്താക്കുന്നവരെ  പഠിപ്പു മുടക്കിയുള്ള സമരം തുടരുമെന്ന് സ്‌കൂൾ ചെയർമാനും പ്ലസ് ടു വിദ്യാർഥിയുമായ അഭയ് ജോസ് പറഞ്ഞു. 
പാമ്പുകടിച്ചെന്ന് ഷഹല ഷെറിൻ പറഞ്ഞതിനെ ലാഘവത്തോടെ കാണുകയും ചികിത്സ ലഭ്യമാക്കുന്നതിൽ ഉദാസീനത കാട്ടുകയും ചെയ്ത അധ്യാപകരെ സർവീസിൽനിന്ന് നീക്കം ചെയ്യുക, ഇവർക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുക, പി.ടി.എ പിരിച്ചുവിടുക, വിദ്യാലയത്തിലെ പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുപണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. മുഴുവൻ വിദ്യാർഥി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രക്ഷോഭമെന്ന് സമരസമിതി കൺവീനർ ബാനു സാബു പറഞ്ഞു. ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് ഇന്നലെ രാവിലെ ജില്ലാ ജഡ്ജിയും സംഘവും പരിശോധയ്‌ക്കെത്തിയപ്പോൾ വിദ്യാർഥികൾ കരിങ്കൊടിയേന്തി വിദ്യാലയത്തിനു മുന്നിൽ മുദ്രാവാക്യം മുഴക്കി. 
ജഡ്ജിയും മറ്റും മടങ്ങിയശേഷം ടൗണിൽ പ്രകടനം നടത്തിയ വിദ്യാർഥികൾ തിരിച്ചെത്തി സ്‌കൂളിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. ഉച്ചയോടെയാണ് കുട്ടികൾ പിരിഞ്ഞത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.പി.ഋഷഭ്, എം.എസ്.എഫ്, എ.ബി.വി.പി നേതാക്കൾ തുടങ്ങിയവർ സ്‌കൂളിലെത്തി വിദ്യാർഥി സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

 

 

Latest News