കോഴിക്കോട് - വയനാട്ടിൽ മെഡിക്കൽ കോളേജ് നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ബത്തേരിയിൽ സ്കൂളിൽ പാമ്പുകടിയേറ്റ ഷഹ്ലക്ക് താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകാതെ കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയും കുട്ടി വഴിയിൽ മരണപ്പെടുകയും ചെയ്ത സംഭവം വേദനാജനകമാണ്. ഗൗരവതരമായ ആരോഗ്യ പ്രശ്ങ്ങൾ പരിഹരിക്കാൻ വയനാട്ടിൽ സംവിധാനം ഇല്ലാത്തതിനാൽ 90 കി.മീ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ദീർഘമായ യാത്രയിൽ അത്യാസന്ന നിലയിലുള്ള രോഗികൾ മരണപ്പെടുന്നത് സങ്കടകരമാണ്.
താമരശ്ശേരി ചുരത്തിൽ യാത്രാതടസ്സം നേരിടാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ, വയനാട്ടിൽ മെഡിക്കൽ കോളേജിനായി സർക്കാർ കണ്ടുവെച്ച ചേലോട് എസ്റ്റേറ്റിൽ പെട്ടെന്ന് തന്നെ നിർമാണം നടത്തുകയും എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുകയും വേണം.
ഷഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ക്ലാസ്മുറിയിലെ മാളങ്ങൾ, കുട്ടിക്ക് അപകടം സംഭവിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്ത അധ്യാപകരുടെ സമീപനം, താലൂക്കാശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സ നൽകാതെ വൈകിപ്പിച്ചത്, എല്ലാം ഈ ദാരുണമായ മരണത്തിനു കാരണമായിട്ടുണ്ട്. നമ്മുടെ വിദ്യാലയങ്ങളിൽ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതികളും ഗുണനിലവാരവും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമ്പോഴും, അപൂർവം ചിലവ ഇങ്ങനെ പരിതാപകരമായ അവസ്ഥയിൽ കാണുന്നു. കുട്ടികളുടെ ജീവന് സുരക്ഷ നൽകുന്ന ഭൗതിക സാഹചര്യങ്ങൾ മുഴുവൻ വിദ്യാലയങ്ങളിലും ഉണ്ടെന്നു സർക്കാർ ഉറപ്പു വരുത്തണം.
അധ്യാപകർ വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. വിദ്യാലയങ്ങളിലെയും പരിസരങ്ങളിലേയും സുരക്ഷ കുറ്റമറ്റതാണ് എന്ന് ജനപ്രതിനിധിനികളും പി.ടി.എ ഭാരവാഹികളും ഇടയ്ക്കിടെ സന്ദർശിച്ചു ഉറപ്പു വരുത്തണം - കാന്തപുരം പറഞ്ഞു