ബഗ്ദാദ്- സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ മൂന്ന് പ്രതിഷേധക്കാരെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തി. രാജ്യത്തെ പ്രധാന തുറമുഖമായ ബസറക്കു സമീപം റോഡുകള്‍ തടഞ്ഞവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിവെക്കുകയും ചെയ്തു. അതിനിടെ, തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കുക മാത്രമാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് രാജ്യത്തെ ശിയാ പുരോഹിതന്‍ അലി അല്‍ സിസ്താനി പ്രസ്താവിച്ചു.
സെന്‍ട്രല്‍ ബഗ്ദാദ് പാലത്തില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടു പേര്‍ വെടിയേറ്റും ഒരാള്‍ കണ്ണീര്‍ വാതക ഷെല്‍ ശിരസ്സില്‍ കൊണ്ടുമാണ് മരിച്ചത്. 27 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
ദക്ഷിണ ഇറാഖില്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പ്രധാന തുറമുഖ കവാടം വീണ്ടും തുറുന്നു. തിങ്കളാഴ്ച മുതല്‍ പ്രതിഷേധക്കാര്‍ ഉമ്മു ഖസ്ര്‍ ഉപരോധിച്ചിരിക്കയായിരുന്നു. മാര്‍ഗ തടസ്സങ്ങള്‍ നീങ്ങിയെങ്കിലും തുറമുഖം സാധാരണ നിലയിലായിട്ടില്ല.
ബഗ്ദാദിലും തെക്കന്‍ ഇറാഖിലും ഒക്‌ടോബര്‍ ആദ്യം ആരംഭിച്ച സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 329 ആയി ഉയര്‍ന്നു. 2003 ല്‍ സദ്ദാം ഹുസൈന്‍ ഭരണം വീണതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തൊഴിലില്ലായ്മയും ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കേ, അഴിമതിയില്‍ മുങ്ങിയ ഭരണകൂടത്തെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഘര്‍ഷത്തിന്റെ പരിഹാരം മാറ്റം മാത്രമാണെന്നും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ വേഗം കൂട്ടണമെന്നും ഉന്നത ശിയാ പുരോഹിതന്‍ അലി അല്‍ സിസ്താനി ആവശ്യപ്പെട്ടു കര്‍ബലയില്‍ വെള്ളിയാഴ്ച ഖുതുബ നടത്തിയ സിസ്താനിയുടെ പ്രതിനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍വമായി മാത്രം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താറുള്ള സിസ്താനിക്ക് രാജ്യത്തെ ശിയാ ഭൂരിപക്ഷത്തില്‍ വലിയ സ്വാധീനമുണ്ട്. പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത് നിയമാനുസൃത ആവശ്യങ്ങളാണെന്നും ബലം പ്രയോഗിച്ച് നേരിടരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ പ്രക്ഷോഭകര്‍ തുടക്കത്തില്‍ നിസ്സഹകരണ തന്ത്രങ്ങളാണ് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് അക്രമാസക്തമായി മാറുകയായിരുന്നു. ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ ഒമ്പതു വരെ തുറമുഖം ഉപരോധിച്ച സര്‍ക്കാര്‍ ധാന്യങ്ങളും പഞ്ചസാരയും മറ്റും ഇറക്കുമതി ചെയ്യുന്നതിനും മൂന്ന് ദിവസത്തെ ഇടവേള അനുവദിച്ചിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് ഇറാഖ്. തുറമുഖം ഉപരോധിച്ച ആദ്യ ആഴ്ച 600 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്.
ബഗ്ദാദില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണിലേക്കുള്ള മൂന്ന് പാലങ്ങളുടെ നിയന്ത്രണം ഭാഗികമായി കൈയടക്കിയിരിക്കയാണ്.