ഭോപാല്‍- ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയില്‍ ഒളിപ്പിച്ച 32കാരിയെ മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ ഭാര്യയുമായി അവിഹിതം സംശയിച്ചാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്നു. അഭിഭാഷകനായ മഹേഷ് ബനവാല്‍ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭാര്യ പ്രമീള ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനിടെയാണ് വീട്ടിലെ അടുക്കളയില്‍ തന്നെ മൃതദേഹം കണ്ടെത്തിയത്. പ്രമീള കുറ്റം സമ്മതിച്ചു.
ഒക്ടോബര്‍ 22 മുതലാണ് മഹേഷിനെ കാണാതായത്. പ്രമീളയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം മഹേഷിന്റെ മൂത്ത സഹോദരന്‍ അര്‍ജുന്‍ ബനവാല്‍ സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. താനും കുടുംബാംഗങ്ങളും കാണാതായ മഹേഷിന്റെ വീട്ടിലേക്കു പോകുമ്പേഴെല്ലാം പ്രമീള വീട്ടിലേക്ക് കയറ്റിയിരുന്നില്ലെന്ന് അര്‍ജുന്‍ പോലീസിനോട് പറഞ്ഞു. മഹേഷിനെ കാണാതായതിനു പിന്നില്‍ തങ്ങളാണെന്ന് ആരോപിച്ച് തെറി വിളിച്ച് ആട്ടിയോടിക്കുകയാണ് ചെയ്തിരുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. അര്‍ജുന്‍ മൊഴി നല്‍കിയതനുസരിച്ച് പോലീസ് വ്യാഴാഴ്ച പ്രമീളയുടെ വീട്ടിലെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം അരിച്ചുപെറുക്കി അന്വേഷിച്ചു. ഒടുവില്‍ അടുക്കളയില്‍ നിന്നാണ് ദുര്‍ഗന്ധമെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചലില്‍ അടുപ്പിനു സമീപത്തെ സ്ലാബ് മാറ്റി നോക്കിയപ്പോഴാണ് അഴുകി ജീര്‍ണിച്ച മൃതദേഹം കണ്ടതെന്ന് പോലീസ് ഓഫീസറായ അമര്‍കന്തക് ഭാനു പ്രതാപ് സിങ് പറഞ്ഞു. മൃതദേഹം പോലീസ് പുറത്തെടുത്തതോടെ തന്നെ കൊണ്ട് ഇതു ചെയ്യിച്ചതാണെന്നു പറഞ്ഞ് കരയാന്‍ തുടങ്ങി. ഭര്‍തൃസഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നു പ്രമീള പറഞ്ഞു.
കൊല്ലപ്പെട്ട മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നെന്നും മഹേഷിനെ കൊല്ലാന്‍ തങ്ങള്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നെന്നും പ്രമീള പോലീസിനോട് വെളിപ്പെടുത്തി. അതേസമയം കൊലയില്‍ തനിക്കു പങ്കില്ലെന്ന് ഗംഗാറാം പറഞ്ഞു.
യുവതി ഒറ്റയ്ക്ക് എങ്ങനെ ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴികുത്തി മൂടി എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന ബലമായ സംശയത്തിലാണ് പോലീസ്.