ചെന്നൈ- തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചന നല്‍കി സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സകലകലാ വല്ലഭന്‍ കമല്‍ ഹാസനും. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ കമല്‍ ഹാസനുമായി കൈകോര്‍ക്കുമെന്ന സൂചന നല്‍കിയ രജനി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മഹാത്ഭുതം സംഭവിക്കുമെന്ന് പ്രവചിച്ചതോടെ ആവേശത്തിലാണ് രജനി, കമല്‍ ഫാന്‍സ്. ഇരുവരും കൈകോര്‍ത്താല്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കും എന്നു മറുപടി നല്‍കി. അത് ആരായാലും 2021ല്‍ തമിഴ്‌നാട്ടുകാര്‍ മഹാത്ഭുതം കാട്ടുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് രജനി പറഞ്ഞു.
രജനിയും കമലും കൈകോര്‍ക്കുമെന്ന അഭ്യൂഹം ചൊവ്വാഴ്ചയാണ് ശക്തമായത്. തമിഴ്‌നാടിന്റെ വികസനത്തിനു വേണ്ടി ആവശ്യമെങ്കില്‍ രജനിയും താനും ഒന്നിച്ചു ഒരു യാത്ര നടത്തുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനമാണ് പ്രധാനം. ഞങ്ങളുടെ നയങ്ങളെ കുറിച്ച് പിന്നീട് സംസാരിക്കാം. ഞങ്ങള്‍ 43 വര്‍ഷമായി ഒന്നിച്ചുണ്ട്. ഞങ്ങള്‍ കൈകോര്‍ക്കുന്നതില്‍ മഹാത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന വന്നു ഒരു മണിക്കൂറിനു ശേഷമാണ് ഇതിനോട് അനുകൂലമായ രജനിയുടെ പ്രതികരണം വന്നത്. തമിഴ് ജനതയുടെ വികസനത്തിനു വേണ്ടി ആവശ്യമെങ്കില്‍ ഞാന്‍ കമല്‍ ഹാസനുമായി കൈകോര്‍ക്കും- രജനി പറഞ്ഞു.