Sorry, you need to enable JavaScript to visit this website.

ശിവ സേന 'സെക്കുലര്‍' ആകുന്നു, വന്‍ പദ്ധതികളുടെ പണം കര്‍ഷകര്‍ക്ക്; മഹാരാഷ്ട്രയില്‍ പുതിയ നീക്കങ്ങള്‍

മുംബൈ- മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ശിവ സേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപം നല്‍കുന്ന പൊതുമിനിമം പരിപാടിയില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമാകുന്ന വന്‍ വാഗ്ദാനങ്ങളും ഉള്‍പ്പെടുന്നതായി റിപോര്‍ട്ട്. ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുടെ ചെലവില്‍ നിന്ന് മഹാരാഷ്ട്രയുടെ വിഹിതമെടുത്ത് അത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാണ് ഒരു നീക്കം. കര്‍ഷകരുടെ കടം എഴുതി തള്ളല്‍ പൊതുമിനിമം പരിപാടിയിലെ ഒരു മുഖ്യ ഇനമാണെന്ന് കോണ്‍ഗ്രസ്, എന്‍സിപി വൃത്തങ്ങള്‍ പറയുന്നു. 

1.08 ലക്ഷം കോടി രൂപയുടെ മുംബൈ-അഹമദാബാദ് ഹൈസ്പീഡ് റെയില്‍ പാത പദ്ധതിയുടെ 25 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. ഈ തുക കര്‍ഷകര്‍ക്കു നല്‍കും. ജപാന്‍ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി 2023ഓടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസും ശിവ സേനയും ഈ പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വം ഉപേക്ഷിക്കാനും ശിവ സേന തയാറായതായി റിപോര്‍ട്ടുണ്ട്. സെക്കുലര്‍ പാര്‍ട്ടിയാകാനാണു സേന ഒരുങ്ങുന്നത്. തീവ്രനിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറുമായുള്ള ചര്‍ച്ചയില്‍ സോണിയ തീര്‍ത്തു പറഞ്ഞതായും റിപോര്‍ട്ടുണ്ട്.

മതേരത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് ഭരണഘടനയിലുള്ളതാണെന്നും ശിവ സേന ഭരണഘടന പിന്തുടരുന്ന പാര്‍ട്ടിയാണെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. മതം എന്ന വിഷയത്തിലുപരിയായ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും സഹായം എത്തിക്കേണ്ടതുണ്ട്. എല്ലാ സമുദായങ്ങളേയും ഒന്നിച്ചു നിര്‍ത്തിയാണ് ശിവജി അദ്ദേഹത്തിന്റെ രാജ്യം ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു നിലപാട് മാറ്റ സൂചന നല്‍കുന്നതാണ്.
 

Latest News