ന്യൂദല്‍ഹി- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും തെരഞ്ഞെടുപ്പു കമ്മീഷന്റേയും എതിര്‍പ്പുകള്‍ മറികടന്ന് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വന്‍ അഴിമതിക്കു വഴിതുറന്ന തട്ടിപ്പാണെന്ന്് ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്് ബഹളം. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സുതാര്യമല്ലെന്നും സഭയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. തുടർന്ന് പ്രതിഷേധിച്ച് അംഗങ്ങൾ ഇറങ്ങിപ്പോയി.
കഴിഞ്ഞ വര്‍ഷം നടന്ന സുപ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ അവതരിപ്പിച്ചത്. അന്നു തന്നെ ഇതിനു പിന്നിലെ നിഗൂഢത ചോദ്യം ചെയ്യപ്പെട്ടതാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ മുഖേനയാണ് തിരഞ്ഞെടുപ്പു ബോണ്ടുകളുടെ വില്‍പ്പന. എത്ര തുക വേണമെങ്കിലും വാങ്ങി അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാം. പണം നല്‍കുന്ന ആളുടെ പേര് വെളിപ്പെടുത്തില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ഇതു വന്‍ അഴിമതിക്കും നിയമ ലംഘനത്തിനു വഴിവയ്ക്കുന്നതായി ഹഫ് പോസ്റ്റ് ഇന്ത്യ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പു ബോണ്ടുകള്‍ക്കു പിന്നിലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടുലുകളില്‍ കൂടുതല്‍ സംശയം ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് എതിര്‍ത്തിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് അനുവദിച്ചുവെന്ന് റിപോര്‍ട്ടിലുണ്ട്. കള്ളപ്പണം വ്യാപനത്തിന് ഇതു വഴിവെക്കുമെന്നായിരുന്നു മുന്നറിയിപ്പ്.