കൊച്ചി- ബലപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് സർക്കാറിനോട് ഹൈക്കോടതി. ബലപരിശോധനയ്ക്കുള്ള ചെലവ് പാലം നിർമ്മിച്ച കമ്പനി തന്നെ വഹിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം. പാലത്തിന്റെ ബലപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ വിവിധ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് നിർദ്ദേശം.
പാലം തുറന്നുകൊടുത്ത ശേഷം ബലക്ഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചെന്നൈ ഐ.ഐ.ടിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം നൽകിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണിക്ക് നിർദ്ദേശം നൽകിയിരുന്നു. പാലത്തിന്റെ ഗ്യാരണ്ടി കാലാവധി കഴിയാത്തതിനാൽ നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണി നടത്തിയത്. പാലത്തിന് ബലക്ഷയമില്ലെന്ന് തന്നെയാണ് റിപ്പോർട്ട്. പരിശോധന നടത്താതെ പാലം പൊളിക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആരോപിച്ചിരുന്നു.