വാഷിങ്ടണ്‍- അത്യാധുനിക തോക്കുകളും ബോംബുകളുമടക്കം 100 കോടി യുഎസ് ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചതായി ട്രംപ് ഭരണകൂടം യുഎസ് പാര്‍ലമെന്റിനെ (കോണ്‍ഗ്രസ്) അറിയിച്ചു. യുദ്ധക്കപ്പലുകളേയും വിമാനങ്ങളേയും ഉന്നമിട്ട് കടലിലും കരയിലും ആക്രമണം നടത്താന്‍ ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്കു വില്‍ക്കാനാണ് നീക്കം. ലോകത്ത് ചുരുക്കം രാജ്യങ്ങളുടെ മാത്രം കൈവശമുള്ള MOD 4 എന്ന പേരിലറിയപ്പെടുന്ന MK-45 ഗണ്‍ സിസ്റ്റം അടക്കമുള്ളവയാണ് വില്‍ക്കുകയെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി കോണ്‍ഗ്രസിനെ അറിയിച്ചു. ബിഎഇ സിസ്റ്റംസ് ലാന്‍ഡ് ആന്റ് ആമമെന്റ്‌സ് ആണ് ഈ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവ വാങ്ങുന്നതോടെ ഇന്ത്യയുടെ ആയുധ ശേഷി മെച്ചപ്പെടുമെന്നും യുഎസിന്റേയും സഖ്യകക്ഷികളുടേയും കൂടെ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന തലത്തിലേക്ക് ഉയരുമെന്നും യുഎസ് പറയുന്നു. ഈ ആയുധ വില്‍പ്പനയ്ക്ക് നിയമ പരമായ അനുമതി ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഇക്കാര്യം യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഓസ്‌ട്രേലിയ, ജപാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്കു മാത്രമെ ഏറ്റവും പുതിയ MOD 4 ആയുധ സംവിധാനം യുഎസ് വിറ്റിട്ടുള്ളൂ.