ന്യൂദല്‍ഹി- തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രമേശ് ചെന്നമനേനിയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. വസ്തുതകള്‍ മറച്ചു വച്ചും തെറ്റായി കാണിച്ചും തട്ടിപ്പിലൂടെയാണ് പൗരത്വം സ്വന്തമാക്കിയത് എന്നാരോപിച്ചാണ് നടപടി. രമേശ് ചെന്നമനേനി ഇന്ത്യന്‍ പൗരനായി തുടരുന്നത് പൊതു നന്മയ്ക്ക് അനുഗുണമല്ല എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ 13 പേജുകള്‍ വരുന്ന ഉത്തരവില്‍ പറയുന്നു.
ജര്‍മന്‍ പൗരത്വമുണ്ടായിരുന്ന രമേശ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പത്തെ ഒരു വര്‍ഷത്തിനിടെ നടത്തിയ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ചുള്ള വസ്തുതകളാണ് ഒളിച്ചുച്ചതെന്ന് കേന്ദ്രം പറയുന്നു. 2009ലാണ് രമേശിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. വിവരങ്ങള്‍ തെറ്റായി കാണിച്ച് ഇന്ത്യാ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു. പൗരത്വം ലഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരു വര്‍ഷം വിദേശത്തായിരുന്നു എന്ന വസ്തുത അന്നു തന്നെ വെളിപ്പെടുത്തിയിരുന്നെങ്കില്‍ പൗരത്വം അനുവദിക്കുമായിരുന്നില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
2009 മുതല്‍ എംഎല്‍എയാണ് രമേശ്. തെലങ്കാന ഹൈക്കോടതി തനിക്ക് അനുകൂലമായി വിധി പറഞ്ഞതാണെന്ന് രമേശ് പറയുന്നു. ഇതു പരിഗണിക്കാതെയാണ് ആഭ്യന്തര മന്ത്രാലയം പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെമുലവാഡ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രമേശ് ചെന്നമനേനി. അവിഭക്ത ആന്ധ്രയില്‍ ടിഡിപി ടിക്കറ്റ് മത്സരിച്ചു ജയിച്ചതു മുതല്‍ രമേശിന്റെ പൗരത്വ കേസ് നിലവിലുണ്ട്. പിന്നീട് ടിഡിപി വിട്ട് രമേശ് ടിആര്‍എസില്‍ ചേര്‍ന്നു. 2010ലെ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. പിന്നീട് 2014ലും 2018ലും ജയിച്ചു.