Sorry, you need to enable JavaScript to visit this website.

പശുവിനെ ദേശീയമൃഗമാക്കിയാല്‍ തീവ്രവാദം കുറയുമെന്ന് പേജാവര്‍ സ്വാമി

ഉഡുപ്പി- രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കാരണം  ദേശീയമൃഗം കടുവ ആയതിനാലാണെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ വിശ്വേശ തീര്‍ഥ സ്വാമി പറഞ്ഞു. സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേജാവറില്‍ സന്ന്യാസിമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരണമെന്നും ഗംഗാ നദിയെ മാലിന്യമുക്തമാക്കി ശുദ്ധീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  രാജ്യത്തെ എല്ലാ പൗരന്‍മാരെയും തുല്യരാക്കുന്ന ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ആഗോള താപനത്തിനു കാരണമാകുന്നത് മത്സ്യ, മാംസാദികള്‍ ഭക്ഷിക്കുന്നത് കൊണ്ടാണെന്ന് യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞു. ബാബറിന്റെയും ഔറംഗസേബിന്റെയും അക്ബറിന്റെയും കാലത്തുപോലും ഗോവധ നിരോധനം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം  ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.

 

Latest News