ഭോപാല്‍- രാവിലെ ഓടാന്‍ ഇറങ്ങിയ 15 കാരനെ മന്ത്രവാദി നരബലി നടത്തിയെന്ന് പരാതി. മധ്യപ്രദേശിലെ മൊറിന ജില്ലയിലാണ് സംഭവം.
മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കാതുകള്‍ മുറിച്ചുനീക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്‍ഷുല്‍ ഗുര്‍ജാറാണ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍നിന്ന് വിരമിച്ച പിതാവിനെ പിന്‍പറ്റി സൈനികനാകാനുള്ള ശ്രമത്തിലായിരുന്നു അന്‍ഷുല്‍. സൈനികരുടേതിന് സമാനമായി മുടി വെട്ടി ഒതുക്കിയ അന്‍ഷുല്‍ എല്ലാ ദിവസവും രാവിലെ ഓടാന്‍ പോകും.
മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് പൂജാദ്രവ്യങ്ങള്‍ കണ്ടെത്തിയതിനാലാണ് മന്ത്രവാദമാണെന്ന സംശയം ഉയര്‍ന്നത്. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമീപത്ത് തേങ്ങയും മറ്റ് ചില വസ്തുക്കളുമുണ്ടായിരുന്നു.
ഗ്രാമത്തിലെ ഒരു മന്ത്രവാദിയാണ് കൊലക്കു പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, മന്ത്രവാദമല്ല തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നേടാനുള്ള ശ്രമമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാെണന്നും പോലീസ് പറഞ്ഞു.