പനാജി- അന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തുടക്കമായി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ പ്രസംഗത്തിനിടെ വേദിയില്‍ പ്രതിഷേധം ഉയര്‍ന്നത് സംഘാടകരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു.
ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ ഇരുന്ന മൂന്നു പേരാണ് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റത്. ഗോവയിലേക്ക് ഒഴുകുന്ന മഹാദയി നദിയില്‍ കനാലും അണക്കെട്ടും നിര്‍മിച്ചു വെളളം തിരിച്ചുവിടാനുളള കര്‍ണാടകയുടെ പദ്ധതിക്കു കേന്ദ്രം പരിസ്ഥിതി അനുമതി ഇളവു ചെയ്തു നല്‍കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ജാവഡേക്കര്‍ ഗോ ബാക്ക് വിളികളുമായി എഴുന്നേറ്റ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോണ്‍ഗ്രസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടികളും നിരവധി സന്നദ്ധ സംഘടനകളും മഹാദയിയിലെ ജലം കര്‍ണാടകയുമായി പങ്കിടുന്നതിനെതിരെ രംഗത്തുണ്ട്.
പ്രകാശ് ജാവഡേക്കറിനെ കൂടാതെ അമിതാഭ് ബച്ചന്‍, രജനീകാന്ത്, ബാബുല്‍ സുപ്രിയോ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സുവര്‍ണ ജൂബിലി ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിനു സമ്മാനിച്ചു. രമേഷ് സിപ്പി, പി.സി ശ്രീറാം, എന്‍.ചന്ദ്ര എന്നിവര്‍ക്കു ലെജന്‍ഡ് പുരസ്‌കാരങ്ങളും നല്‍കി.