ലണ്ടന്‍-കാലമെത്രകഴിഞ്ഞാലും ഡയാനാ രാജകുമാരിയുടെ ജനപ്രീതിയ്ക്കു ഒരിടിവും സംഭവിച്ചിട്ടില്ല. മരുമക്കളായ കെയ്റ്റും മേഗനും ലഭിക്കാത്ത സ്വീകാര്യതയാണ് ഇപ്പോഴും ഡയാനയ്ക്കു കിട്ടുന്നത്. ഇപ്പോഴിതാ ഡയാനയുടെ പ്രശസ്തമായ കരിനീല വെല്‍വറ്റ് ഗൗണ്‍ ലേലം ചെയ്യുന്നു. 3.5 ലക്ഷം പൗണ്ട് ആണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ലണ്ടനിലെ കെറി ടെയ്‌ലര്‍ ഓക്ഷന്‍സില്‍ ഡിസംബര്‍ 9ന് ആണ് ലേലം. വെറ്റ് ഹൗസിലെ പാര്‍ട്ടിയില്‍ ഹോളിവുഡ് നടന്‍ ജോണ്‍ ട്രവോള്‍ട്ടയ്‌ക്കൊപ്പം ഡയാന രാജകുമാരി നൃത്തം ചെയ്തത് ഈ ഗൗണ്‍ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ലോക ശ്രദ്ധ നേടി.1986ല്‍ ഓസ്ട്രിയ സന്ദര്‍ശിച്ചപ്പോഴും ആദ്യം ഈ വേഷം ധരിച്ചത്. 1991ല്‍ ലണ്ടനിലെ റോയല്‍ ഒപ്പേര ഹൗസില്‍ ഒരു പ്രകടനം കാണാനെത്തിയപ്പോഴും ഇതേ ഗൗണ്‍ ഡയാന ധരിച്ചിട്ടുണ്ട്. 1997ല്‍ ലോര്‍ഡ് സ്‌നോഡനു ചിത്രം വരയ്ക്കാനായി മോഡലായി ഡയാന നിന്നതും ഇതേ ഗൗണില്‍ ആയിരുന്നു.
ഡയാന രാജകുമാരി മരിക്കുന്നതിനു രണ്ടു മാസം മുന്‍പ്, 1997 ജൂണില്‍ ഈ വസ്ത്രം ലേലം ചെയ്തു. ഒരു ലക്ഷം പൗണ്ടിന് ആയിരുന്നു മൗറീന്‍ ഡന്‍കേല്‍ എന്ന സ്ത്രീ ഈ ഗൗണ്‍ ലേലത്തില്‍ പിടിച്ചത്. 2011 ല്‍ പാപ്പരായി പ്രഖ്യാപിക്കുന്നതു വരെ അവര്‍ ഈ ഗൗണ്‍ സൂക്ഷിച്ചു. 2013ല്‍ ബ്രിട്ടീഷുകാരനായ ഒരാള്‍ ഇതു 2,40,000 പൗണ്ടിനു സ്വന്തമാക്കി.
ആറു വര്‍ഷത്തിനുശേഷം ഈ ഗൗണ്‍ വീണ്ടും ലേലത്തിന് എത്തുകയാണ്. പഴയ ഹോളിവുഡ് ഫാഷന്‍ മാതൃകയിലുള്ളതാണ് ഈ ഗൗണ്‍. ലോ കട്ടും ഓഫ് ഷോള്‍ഡറുമാണ് ഇതിന്റെ പ്രത്യേകതകള്‍.