ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം ഉപേക്ഷിച്ച ശിവ സേനയുമായി ചേര്‍ന്ന് എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎ അധ്യക്ഷയും കോണ്‍ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റുമായ സോണിയാ ഗാന്ധി സമ്മതം മൂളി. എന്‍സിപി നേതാവ് ശരത് പവാറും സോണിയയും തമ്മില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമായതെന്ന് എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ ടിവി റിപോര്‍ട്ട്് ചെയ്യുന്നു.
സോണിയ അനുമതി ലഭിച്ചതോടെ കോണ്‍ഗ്രസ്, എന്‍ സി പി നേതാക്കള്‍ ബുധനാഴ്ച ദല്‍ഹിയില്‍ തിരക്കിച്ച സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തി. മന്ത്രി പദവികളുടെ വീതംവെയ്പ്പും പൊതുമിനിമം പരിപാടിയില്‍ ഭിന്നിപ്പുകള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ് ചര്‍ച്ചകള്‍. ഈ സുഗമമായി മുന്നോട്ടു പോയാല്‍ ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിസംബര്‍ ആദ്യവാരം തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും.
16-15-12 എന്ന ഫോര്‍മുലയിലാണ് മന്ത്രിസഭ എന്നും റിപോര്‍ട്ടുകളുണ്ട്. ശിവ സേനയ്ക്ക് 16ഉം എന്‍സിപിക്ക് 15ഉം കോണ്‍ഗ്രസിന് 12ഉം മന്ത്രിമാര്‍. മുഖ്യമന്ത്രി പദവി ശിവസേനയ്ക്കു തന്നെയായിരിക്കും. അതേസമയം മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷത്തിനു ശേഷം തങ്ങള്‍ക്കു വേണമെന്ന്് എന്‍സിപി ആവശ്യപ്പെട്ടതായും ഇതു ശിവ സേന അംഗീകരിച്ചതായും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. ഉപമുഖ്യമന്ത്രി പദവി എന്‍സിപിക്കും കോണ്‍ഗ്രസിനും തുല്യമായോ അല്ലെങ്കില്‍ കോണ്‍ഗ്രസിനു മാത്രമായോ ലഭിച്ചേക്കും. എന്‍സിപിയും കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്ന സ്പീക്കര്‍ പദവിയും തീരുമാനമാകാനുണ്ട്.