ന്യൂദല്‍ഹി- മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് വിലങ്ങായ രാഷ്ട്രീയ പ്രതിസന്ധിയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി എന്‍സിപി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. ബ ിജെപി സഖ്യം വിട്ടം ശിവ സേന പവാറിന്റെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് പവാര്‍-മോഡി കൂടിക്കാഴ്ച. ഇത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു ആക്കംകൂട്ടി. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തിയ നിവേദനം പവാര്‍ മോഡിക്കു കൈമാറി. കര്‍ഷകര്‍ക്ക് ദുരിതാശ്വാസം നല്‍കണമെന്നാണ് പവാറിന്റെ ആവശ്യം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു.
പവാറുമായി ചര്‍ച്ച നടക്കുന്നതിനിടെ മോഡിയെ കാണാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും എത്തിയതായും റിപോര്‍ട്ടുണ്ട്. പവാറുമായുള്ള കൂടിക്കാഴ്ച അവസാനിച്ച ശേഷം അമിത് ഷായും മോഡിയും പ്രത്യേക കൂടിക്കാഴ്ച നടത്തി.
പവാര്‍-മോഡി ചര്‍ച്ചയില്‍ സ്വാഭാവികമായും രാഷ്ട്രീയവും കടന്നു വന്നിരിക്കാമെന്നാണ് നിരീക്ഷരുടെ വിലയിരുത്തല്‍. എന്നാല്‍ ഇതുംബന്ധിച്ച ഒരു പ്രതികരണവും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പുതുതായി രൂപം കൊണ്ട് ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി മുന്നോട്ടു പോകുന്നതിനിടെ എന്‍സിപിയെ പുകഴ്ത്തി മോഡി രംഗത്തെത്തിയിരുന്നു. രാജ്യസഭയിലെ എന്‍സിപിയുടെ പ്രകടനത്തെയാണ് മോഡി പുകഴ്ത്തിയത്. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍സിപിയില്‍ നിന്ന് പഠിക്കാനുണ്ടെന്നും മോഡി പറഞ്ഞിരുന്നു.