ന്യൂദല്‍ഹി- ഹിന്ദു, ജൈന, സിഖ്, ബുദ്ധ, പാഴ്‌സി ക്രിസത്യന്‍ മതവിഭാഗക്കാരായ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യ സഭയില്‍ വ്യക്തമാക്കി. പൗരത്വ പട്ടിക സംബന്ധിച്ച ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി മുസ്‌ലിംകളൊഴികെ ഉള്ള മത വിഭാഗങ്ങളില്‍പ്പെട്ട കുടിയേറ്റക്കാരെ സ്വാഗതം ചെയ്തത്. പട്ടികയില്‍ നിന്ന് ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കിയതിനെ കുറിച്ച് തൃണമൂല്‍ അംഗം സുഖന്ദു ശേഖര്‍ റായി സംസാരിച്ചപ്പോഴായിരുന്നു ഷായുടെ പ്രതികരണം. വിവേചനം മുസ് ലിം കുടിയേറ്റക്കാരോട് മാത്രമാണോ എന്ന കോണ്‍ഗ്രസ് അംഗം സയിദ് നാസര്‍ ഹുസൈന്റെ ചോദ്യത്തിന് പൗരത്വ ബില്ല് ലോക്‌സഭയുടെ പരിഗണനയിലാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ദേശീയ പൗരത്വ പട്ടികയും പൗരത്വ ബില്ലും രണ്ടാണെന്നും ഷാ പറഞ്ഞു. ദേശീയ പൗരത്വ പട്ടിക ഇന്ത്യയിലുടനീളം ബാധകമാണ്. പൗരന്മാര്‍ അല്ലാത്തവരും അനധികൃത കുടിയേറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഷാ പറഞ്ഞു. എല്ലാവരേയും പൗരത്വ പട്ടികയ്ക്കു കീഴിലാക്കാനുള്ള നടപടി മാത്രമാണ് പൗരത്വ പട്ടിക എന്നും അദ്ദേഹം പറഞ്ഞു.