വാരാണസി- ഉത്തര്‍ പ്രദേശിലെ പ്രശസ്ത കേന്ദ്ര സര്‍കലാശാല ആയ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റില്‍ മുസ്‌ലിം അധ്യാപകനെ നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സന്‍സ്‌കൃത് ധര്‍മ് വിജ്ഞാനിലെ സംസ്‌കൃത സാഹിത്യ വിഭാഗത്തില്‍ ഫിറോസ് ഖാന്‍ എന്ന അധ്യാപകന് നിയമനം നല്‍കിയത് റദ്ദാക്കണമെന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിസി രാകേശ് ഭട്‌നഗറിന്റെ ഓഫീസിനു മുന്നില്‍ 12 ദിവസമായി മുപ്പതോളം സംസ്‌കൃത വിദ്യാര്‍ത്ഥികളാണ് ഫിറോസ് ഖാനു പകരം മറ്റൊരു അധ്യാപകനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലുള്ളത്. ശ്ലോകങ്ങള്‍ ചൊല്ലിയും യാഗം നടത്തിയുമാണ് ഇവരുടെ കുത്തിയിരിപ്പു സമരം. ആവശ്യം അംഗീകരിക്കാതെ സമരം നിര്‍ത്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍ ഫിറോസ് ഖാന്‍ ഏറ്റവും യോഗ്യനായ അധ്യാപകനാണെന്നും നിയമനം ഭരണഘടനയും സര്‍വകലാശാല നിയമനം അനുസരിച്ചാണെന്നും നിയമനം പിന്‍വലിക്കില്ലെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. തെരഞ്ഞെടുപ്പു സമിതി ഏകകണ്ഠമായാണ് ഫിറോസ് ഖാന്റെ നിയമനം ഉറപ്പിച്ചത്. യുജിസിയുടേയും സര്‍ക്കാരിന്റേയും ചട്ടങ്ങള്‍ പാലിച്ചാണിത്. മതമോ ജാതിയോ ലിംഗമോ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യാവസരമൊരുക്കാന്‍ സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്നും വിസി പറഞ്ഞു.
തങ്ങള്‍ ഏതെങ്കിലും മത വിശ്വാസിക്കെതിരെയല്ല സമരം നടത്തുന്നതെന്നും പാരമ്പര്യം തെറ്റിച്ച് കാര്യങ്ങള്‍ നടത്തുന്നതിന് എതിരെയാണ് പ്രക്ഷോഭമെന്നും സമരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഇതൊരു സാധാരണ പഠന വകുപ്പല്ല. ഭാഷയിലുപരി ഞങ്ങളുടെ സംസ്‌ക്കാരം പഠിപ്പിക്കുന്ന വകുപ്പാണിത്. അദ്ദേഹത്തിന് പഠിപ്പിക്കണമെങ്കില്‍ സംസ്‌കൃത ഭാഷാ വകുപ്പില്‍ പോകാമെന്നും സമരക്കാര്‍ പറയുന്നു.