ന്യുദല്‍ഹി- സി.ആര്‍.പി.എഫ് ശ്രീനഗര്‍ സെക്ടറിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലായി. നമസ്കരിച്ചു കൊണ്ടിരിക്കുന്ന ജമ്മുകശ്മീര്‍ പൊലീസിലെ ഒരു മുസ്ലിം ഉദ്യോഗസ്ഥനു സമീപം തോക്കും ലാത്തിയുമേന്തി ഒരു ഹിന്ദു സി.ആര്‍.പി.എഫ് ജവന്‍ കാവല്‍ നില്‍ക്കുന്നതാണ് ചിത്രം. കശ്മീരിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം തുടരുന്നതിനിടെ സേന പുറത്തു വിട്ട ഈ ചിത്രം മനസ്സുനിറക്കുന്ന ഒന്നായാണ് ട്വിറ്ററില്‍ പരക്കെ വിശേഷിപ്പിക്കപ്പെട്ടത്.
സമാധാനത്തിനു വേണ്ടി ആയുധമേന്തിയ സഹോദരങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് സിആര്‍പിഎഫ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിനാളുകള്‍ ഇതു റിട്വീറ്റ് ചെയ്തു. കശ്മീര്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന വേളയില്‍ ഈ ചിത്രം യഥാര്‍ത്ഥ ഇന്ത്യയെക്കുറിച്ചും ഇന്ത്യ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണെന്ന് പലരും അഭിപ്രായപ്പെട്ടു.
വിഘടനവാദി കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം കശ്മീരില്‍ തുടക്കമിട്ട ആക്രമോത്സുക പ്രതിഷേധങ്ങള്‍ക്ക് ഇതുവരെ അറുതിയായിട്ടില്ല. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ഡിഎസ്പി അയൂബ് പണ്ഡിറ്റിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഹുര്‍റിയത്ത് നേതാക്കള്‍ ഇപ്പോള്‍ അറസ്റ്റിലാണ്. ഇപ്പോഴത്തെ പ്രതിസന്ധി തീര്‍ക്കാന്‍ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച തുടരണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.