ബറേലി- ഉത്തര്‍പ്രേദശിലെ ബറേലിക്കടുത്ത ഒരു ഗ്രാമിത്തില്‍ കഴിഞ്ഞവര്‍ഷം ലൈംഗിക പീഡനത്തിനിരയായി, 14-ാം വയസ്സില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്ന പെണ്‍കുട്ടിയെ ഗ്രാമ മുഖ്യര്‍ ഇടപെട്ട് പ്രതിക്ക് വിവാഹം ചെയ്തു നല്‍കി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭണിയായ പെണ്‍കുട്ടി ഗര്‍ഭംഛിദ്രം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ചത് കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭാവസ്ഥയിലായിരുന്നതിനാല്‍ കോടതി ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. തനിക്ക് കുഞ്ഞിനെ വേണ്ടെന്ന് ആദ്യം പറഞ്ഞ പെണ്‍കുട്ടി പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയാറായില്ല.
തുടര്‍ന്നാണ് ഗ്രാമ മുഖ്യര്‍ ഇടപെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൊണ്ട് തന്നെ വിവാഹം ചെയ്യിപ്പിച്ചത്. 10 മാസം പ്രായമായ കുഞ്ഞിനൊപ്പം പെണ്‍കുട്ടി ഇപ്പോള്‍ രണ്ടാഴ്ചയായി പ്രതിയോടൊപ്പമാണ് കഴിയുന്നത്. 'എന്നെയും എന്റെ കുഞ്ഞിനെയും പോറ്റാന്‍ എന്റെ മാതാപിതാക്കള്‍ക്ക് കഴിയില്ല. ഇവിടെ എനിക്ക് രണ്ടു നേരമെങ്കിലും തിന്നാന്‍ വല്ലതും കിട്ടുന്നുണ്ട്,' പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നു തന്നെയുള്ള പ്രതി വിവാഹ വാഗ്ദാനം നല്‍കി തന്നെ പലതവണ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കിടന്ന പ്രതി ഇപ്പോല്‍ ജാമ്യത്തിലാണ്. പീഡനക്കേസ് കോടതിയില്‍ തുടരുന്നുണ്ടെങ്കിലും ഇരുവരും ചേര്‍ന്ന് ഉടന്‍ തങ്ങളുടെ വിവാഹ സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കി പീഡനക്കേസ് റദ്ദാക്കാന്‍ കോടതിയോടാവശ്യപ്പെടുമെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടുത്തെ സബ് ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം പ്രതിക്ക് മാപ്പു നല്‍കിയിട്ടുണ്ട്. 'എത്രകാലം ഇങ്ങനെ ഒരാള്‍ക്ക് സമൂഹത്തിനെതിരായ പൊരുതാന്‍ കഴിയും. അവള്‍ക്ക് അവന്റെ വീട്ടിലേക്ക് പോകുന്നത് തന്നെയാണ് അതിനേക്കാള്‍ നല്ലത്' കൂലിപ്പണിക്കാരനായ പിതാവ് പറയുന്നു. അവളെ സംരക്ഷിച്ചു കൊള്ളാമെന്ന് ഗ്രാമ മുഖ്യന്മാരും പ്രതിയുടെ കുടുംബവും നല്‍കിയ ഉറപ്പിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് മകളെ താന്‍ വിവാഹം ചെയ്തു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 'ദൈവം ഒരിക്കലും പൊറുക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത്. അവളേയും കുട്ടിയേയും സ്വീകരിച്ച് എനിക്ക് ഈ തെറ്റ് തിരുത്തണം,' എന്നായിരുന്നു പ്രതിയുടെ പ്രതികരണം.
ഇന്ത്യയിലെ കൗമാരക്കാരായ ലൈംഗിക പീഡന ഇരകള്‍ നേരിടുന്ന വെല്ലുവിളികള്‍ വെളിച്ചത്തു കൊണ്ടു വരുന്ന മറ്റൊരു സംഭവമായി ഇത്. പീഡനത്തിനിരയായ 10 വയസ്സുകാരിയെ ഗര്‍ഭഛിദ്രം നടത്തുന്നതില്‍ നിന്നും വെള്ളിയാഴ്ച സുപ്രീം കോടതി തടഞ്ഞിരുന്നു. 20 ആഴ്ചകള്‍ പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഇന്ത്യയില്‍ നിയമപരമായ അനുമതിയില്ല.