തെൽ അവീവ് - തിരിച്ചുവരവിലെ രണ്ടാം മത്സരത്തിലും ലിയണൽ മെസ്സി അർജന്റീനയുടെ രക്ഷകനായി. മെസ്സി ഇഞ്ചുറി ടൈമിൽ നേടിയ പെനാൽട്ടി ഗോളിൽ ഉറുഗ്വായിയുമായുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന 2-2 സമനില കരസ്ഥമാക്കി.
കോപ അമേരിക്കക്കു ശേഷം സസ്പെൻഷനിലായിരുന്ന മെസ്സി തിരിച്ചു വന്ന ശേഷം രണ്ടു മത്സരത്തിൽ രണ്ടാം തവണയാണ് നിർണായക ഗോളടിക്കുന്നത്. റിയാദിൽ കഴിഞ്ഞയാഴ്ച ബ്രസീലിനെ തിരെ വിജയ ഗോളടിച്ചതും മെസ്സി തന്നെ. അതും പെനാൽട്ടി ഗോളായിരുന്നു.
രണ്ടു തവണ ഉറുഗ്വായ് മുന്നിലെത്തിയ ശേഷമാണ് അർജന്റീന സമനില പിടിച്ചത്. ബാഴ്സലോണയിലെ സ്ട്രൈക്കിംഗ് പാർട്ണർ ലൂയിസ് സോറസിന്റെ തകർപ്പൻ ഫ്രീ കിക്ക് ഗോളിൽ ഉറുഗ്വായ് 2-1 ന് മുന്നിലെത്തിയിരുന്നു. മുപ്പത്തിനാലാം മിനിറ്റിൽ എഡിൻസൻ കവാനി യിലൂടെയാണ് ഉരുഗ്വായ് ആദ്യം ലീഡ് കരസ്ഥമാക്കിയത്. കവാനി യുടെ അമ്പതാം രാജ്യാന്തര ഗോൾ. തൊട്ടുടനെ പൗളൊ ദി ബാല ഗോളടിച്ചെങ്കിലും ഹാന്റ് ബോളായി. രണ്ടാം പകുതിയിൽ മെസ്സിയുടെ ഫ്രീ കിക്കിൽ നിന്ന് സെർജിയൊ അഗ്വിരോയാണ് സമനില ഗോളടിച്ചത്. ഇഞ്ചുറി ടൈമിൽ മാർട്ടിൻ കസേ റസിന്റെ ഫൗൾ അർജന്റീനക്ക് രക്ഷാകവാടമായി.