റിയാദ് - പുതുതായി സ്ഥാപിക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അടുത്ത മാസം മുതൽ വിസാ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ഹായിൽ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി സത്താം അൽഹർബിയും സംബന്ധിച്ചു. തൊഴിൽ വിപണിയിൽ ബിസിനസ് സംരംഭകർ നേരുന്ന പ്രധാന വെല്ലുവിളികളും പ്രതിബന്ധങ്ങളും വിശകലനം ചെയ്തു.
തൊഴിൽ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ഓൺലൈൻ സേവനങ്ങളുടെ നിലവാരം ഉയർത്താൻ ആരംഭിച്ച 'ഖിവാ' പോർട്ടൽ വഴി അടുത്ത മാസം മുതൽ പുതുതായി സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ വിസകൾ അനുവദിക്കുമെന്ന് എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. സ്ഥാപനത്തിൽ സൗദി ജീവനക്കാരുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇല്ലാതെയാണ് വിസകൾ അനുവദിക്കുക. പുതിയ സ്ഥാപനങ്ങൾക്ക് ഒരു വർഷം സാവകാശം അനുവദിക്കും. ഇക്കാലയളവിൽ സൗദികളെ ജോലിക്കു വെക്കാൻ ആവശ്യപ്പെടില്ല. നിശ്ചിത കാലയളവിന് ശേഷം സൗദികളെ ജോലിക്കുവെച്ച് സ്ഥാപനങ്ങൾ നിതാഖാത്ത് പദ്ധതി പ്രകാരം സുരക്ഷിത വിഭാഗത്തിലേക്ക് മാറേണ്ടിവരും.
സ്വകാര്യ മേഖലക്ക് വേണ്ടി ഏതാനും മാസങ്ങൾക്കിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 68 പദ്ധതികൾ ആരംഭിച്ചു. മറ്റു 32 പദ്ധതികൾ നടപ്പാക്കുന്നതിന് നിലവിൽ ശ്രമിച്ചു വരികയാണ്. സ്വകാര്യ മേഖലയിൽ അഞ്ചര ലക്ഷം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ആരോഗ്യ, കാർഷിക മേഖലകളുമായി കരാറുകൾ ഒപ്പുവെച്ചു.
സംരംഭകരുടെ എണ്ണക്കുറവ് കാരണം പുതിയ തൊഴിലവസരങ്ങൾ വളരെ കുറച്ചു മാത്രം സൃഷ്ടിക്കപ്പെടുന്ന പ്രവിശ്യകളിൽ ഒന്നാണ് ഹായിൽ. ഈ പ്രശ്നത്തിന് 'ഖിവാ' പോർട്ടൽ വഴി പരിഹാരം കാണാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ബിസിനസ് മേഖലക്ക് മന്ത്രാലയം നൽകുന്ന മുഴുവൻ സേവനങ്ങളും 'ഖിവാ' പോർട്ടലിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. 120 സേവനങ്ങളാണ് പോർട്ടൽ വഴി ബിസിനസ് മേഖലക്ക് നൽകുക. ഇതിൽ 70 സേവനങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാണ്. അവശേഷിക്കുന്ന സേവനങ്ങൾ അഞ്ചു മാസത്തിനുള്ളിൽ നിലവിൽവരും. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സാമ്പത്തിക വികസനത്തിൽ പങ്കാളിത്തം ഉയർത്താനും ലക്ഷ്യമിട്ടാണ് മുഴുവൻ പദ്ധതികളും പ്രോഗ്രാമുകളും ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.