ന്യൂദൽഹി- ശബരിമല സ്ത്രീപ്രവേശനം, യുഎപിഎ തുടങ്ങിയ വിഷയങ്ങളിൽ കേരള സർക്കാരിന്റെ നടപടികൾ വിശദീകരിക്കാനാകാതെ വീർപ്പുമുട്ടി സിപിഎം കേന്ദ്ര നേതൃത്വം. യുഎപിഎ കിരാത നിയമം തന്നെയാണെന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു എന്നു പറയുമ്പോൾ സിപിഎം ഭരിക്കുന്ന കേരളത്തിൽ യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ ഈ നിയമം ചുമത്തി കേസെടുക്കുന്നതിൽ വിശദീകരണം തേടിയപ്പോൾ വിഷമവൃത്തിലാവുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ സ്ത്രീ സമത്വ നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് വ്യക്തമാക്കുന്നതിനിടെയാണ് സംസ്ഥാന ദേവസ്വം മന്ത്രി ഉൾപ്പടെ ചില സിപിഎം നേതാക്കൾ വനിത പ്രവേശനത്തെ എതിർത്തു സംസാരിച്ചത് ചൂണ്ടിക്കാട്ടിയത്. താനത് കേട്ടില്ലെന്നും മലയാളം അറിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
സിപിഎം പോളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ കേരളത്തിൽ രണ്ടു യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തിയതിനെക്കുറിച്ചു ചോദ്യമുയർന്നപ്പോഴാണ് കൃത്യമായ വിശദീകരണം നൽകാനാകാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുഴഞ്ഞത്. യുഎപിഎ എന്ന കിരാത നിയമത്തെ സിപിഎം എക്കാലത്തും എതിർക്കുന്നു എന്നാണ് യെച്ചൂരി ആദ്യം പറഞ്ഞത്. അപ്പോൾ കേരളത്തിൽ രണ്ടു യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത് സിപിഎം ഭരിക്കുന്ന കേരളത്തിൽ ആണല്ലോ എന്ന ചോദ്യമുയർന്നു. അതോടെ യെച്ചൂരി മുൻപെങ്ങുമില്ലാത്തവിധം പ്രതിരോധത്തിലായി.
കശ്മീരിൽ സർക്കാർ വീട്ടു തടങ്കലിലാക്കിയ സിപിഎം നേതാവ് യൂസഫ് തരിഗാമിക്ക് വേണ്ടി ഹേബിയസ് കോർപസ് ഹരജിയുമായി സുപ്രീംകോടതിയിൽ പോയ സിപിഎം ജനറൽ സെക്രട്ടറിയോടാണ് കേരളത്തിൽ യുഎപിഎ ചുമത്തിയതിനെക്കുറിച്ചും മാവോയിസ്റ്റുകളെ പിടികൂടി വെടിവെച്ചു കൊന്നതിനെക്കുറിച്ചും ചോദിക്കുന്നതെന്ന ചോദ്യം കൂടി ഉയർന്നതോടെ യെച്ചൂരി വിചിത്രമായ വിശദീകരണമാണു നൽകിയത്. യുഎപിഎ എന്ന കിരാത നിയമത്തെ സിപിഎം എന്നും എതിർക്കുന്നു. ആ നിലപാടിൽ ഒരു കാലത്തും മാറ്റമില്ല. പാർലമെന്റിൽ യുഎപിഎ നിയമഭേദഗതി വന്നപ്പോഴും ഇതേ നിലപാടിൽ ഉറച്ചുനിന്ന സിപിഎം എതിർത്ത് വോട്ടു ചെയ്യുകയാണ് ചെയ്തത്. അപ്പോൾ, കേരളത്തിൽ സിപിഎമ്മിന് ഇക്കാര്യത്തിൽ ഭിന്ന നിലപാടാണോ ഉള്ളതെന്നായി ചോദ്യം. രാജ്യത്ത് ഒരു നിയമം പാസായി കഴിഞ്ഞാൽ അതിനെ അനുസരിക്കാനും ഉൾക്കൊള്ളാനും എല്ലാവരും ബാധ്യസ്ഥരാണെന്ന മറുപടിയാണ് യെച്ചൂരി നൽകിയത്. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണ്. സംസ്ഥാന സർക്കാരും നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും തരത്തിലുള്ള എതിർപ്പിന്റെ കാര്യത്തിൽ ആ ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞു നിൽക്കാൻ സർക്കാരിന് കഴിയില്ല. നിലവിൽ യുഎപിഎ ചുമത്തിയ കേസിൽ എന്ത് ആശ്വാസ നടപടി എടുക്കാൻ കഴിയുമെന്ന കാര്യമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. യുഎപിഎ, മാവോയിസ്റ്റ് വേട്ട തുടങ്ങിയ വിഷയങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത തേടേണ്ടതുണ്ടെന്നാണ് യെച്ചൂരി പറഞ്ഞത്. എല്ലാ വിഭാഗത്തിൽ പെട്ട ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യവും പരിഗണനയും ലഭിക്കണമെന്ന നിലപാട് തന്നെയാണ് സിപിഎമ്മിനുള്ളത്. ലിംഗ സമത്വ വിഷയത്തിൽ സിപിഎം എക്കാലവും സ്ത്രീ തുല്യതയ്ക്കു വേണ്ടി ഉറച്ചുനിൽക്കുന്നു. എന്നാൽ, ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.