Sorry, you need to enable JavaScript to visit this website.

ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലു സൗദികൾ

റിയാദ് - അമേരിക്കയിലെ ബ്ലൂംബെർഗ് ഏജൻസി തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ (ബില്യണേഴ്‌സ് ഇൻഡക്‌സ്) നാലു സൗദികളും. അൽവലീദ് ബിൻ ത്വലാൽ രാജകുമാരനും മുഹമ്മദ് അമൂദിയും മുഹമ്മദ് ഈസ അൽജാബിറും സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സൗദ് അൽകബീർ രാജകുമാരനുമാണ് പട്ടികയിൽ ഇടം നേടിയ സൗദി സമ്പന്നർ. 
സൗദി സമ്പന്നരിൽ അൽവലീദ് ബിൻ ത്വലാൽ രാജകുമാരനാണ് ഒന്നാം സ്ഥാനത്ത്. അൽവലീദ് രാജകുമാരന്റെ സമ്പത്ത് 1390 കോടി ഡോളറാണ്. മുഹമ്മദ് അൽഅമൂദി 865 കോടി ഡോളറിന്റെയും മുഹമ്മദ് ഈസ അൽജാബിർ 719 കോടി ഡോളറിന്റെയും സുൽത്താൻ ബിൻ മുഹമ്മദ് സൗദ് അൽകബീർ രാജകുമാരൻ 539 കോടി ഡോളറിന്റെയും സമ്പത്തിന് ഉടമകളാണ്.
ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നരെയാണ് ബ്ലൂംബെർഗ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അൽവലീദ് രാജകുമാരൻ 98 ാം സ്ഥാനത്താണ്. മുഹമ്മദ് അൽഅമൂദി 187 ാം സ്ഥാനത്തും മുഹമ്മദ് ഈസ അൽജാബിർ 229 ാം സ്ഥാനത്തും സുൽത്താൻ ബിൻ മുഹമ്മദ് സൗദ് അൽകബീർ രാജകുമാരൻ 354 ാം സ്ഥാനത്തുമാണ്. നാലു പേർക്കും കൂടി ആകെ 3513 കോടി ഡോളറിന്റെ (13,170 കോടി റിയാൽ) സമ്പത്താണുള്ളത്. 
ലോകത്തെ ഏറ്റവും വലിയ ധനാഢ്യൻ ബിൽ ഗേറ്റ്‌സ് ആണ്. 11,000 കോടി ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആകെ സമ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസ് 10,900 കോടി ഡോളറിന്റെ ഉടമയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ പതിനാലാം സ്ഥാനത്താണ്. മുകേഷ് അംബാനിക്ക് 5670 കോടി ഡോളറിന്റെ സമ്പത്താണുള്ളത്. ഇന്ത്യൻ സമ്പന്നരിൽ രണ്ടാമനായ അസീം പ്രേംജി 1930 കോടി ഡോളറിന്റെ സമ്പത്തിന് ഉടമയാണ്. 

Latest News