Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ബിനാമി, ബിസിനസ് തട്ടിപ്പ് കേസുകളില്‍ പിടിയിലാകുന്നവര്‍ വര്‍ധിച്ചു

റിയാദിൽ വാണിജ്യ വഞ്ചന നടത്തിയ ടയർ കടയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. 

റിയാദ് - ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാരെ ശിക്ഷിച്ച് വിവിധ പ്രവിശ്യകളിലെ കോടതികൾ പ്രഖ്യാപിച്ച 109 വിധികൾ രണ്ടു വർഷത്തിനിടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം പരസ്യപ്പെടുത്തി. 2018 ൽ 77 വിധികളും 2017 ൽ 32 വിധികളുമാണ് മന്ത്രാലയം പരസ്യപ്പെടുത്തിയത്. 2017 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പരസ്യപ്പെടുത്തിയ വിധികളുടെ എണ്ണം 141 ശതമാനം തോതിൽ വർധിച്ചു. 


വാണിജ്യ വഞ്ചനാ കേസുകളിൽ കോടതികൾ പ്രഖ്യാപിച്ച 52 വിധികളാണ് കഴിഞ്ഞ വർഷം മന്ത്രാലയം പരസ്യപ്പെടുത്തിയത്. 
2017 ൽ ഈ ഗണത്തിൽപെട്ട 29 വിധികൾ പരസ്യപ്പെടുത്തി. ബിനാമി ബിസിനസ് കേസുകളിൽ കോടതികൾ പ്രഖ്യാപിച്ച 25 ശിക്ഷാ വിധികൾ കഴിഞ്ഞ കൊല്ലം വാണിജ്യ, നിക്ഷേപ മന്ത്രാലയം പരസ്യപ്പെടുത്തി. 2017 ൽ ഈ വിഭാഗത്തിൽപെട്ട മൂന്നു വിധികൾ മാത്രമാണ് മന്ത്രാലയം പരസ്യപ്പെടുത്തിയത്. 


സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാർക്ക് അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും. 
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും മൂന്നു വർഷം വരെ തടവും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകൾ കണ്ടെത്തി പ്രാഥമികാന്വേഷണം നടത്തി നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം ചെയ്യുന്നത്.


ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം ഉന്നതാധികൃതർ അംഗീകരിച്ചിട്ടുണ്ട്. വ്യത്യസ്ത ബിസിനസ്, നിക്ഷേപ മേഖലകളിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും ബിസിനസ് നടത്തുന്നതിനും സൗദി പൗരന്മാർക്ക് അവസരമൊരുക്കുകയും ഇതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും സംരംഭകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്യുന്ന ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, സാങ്കേതിക പോംവഴികൾ നടപ്പാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു. പതിമൂന്നു മാസത്തിനുള്ളിൽ ആറു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതിന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം തീരുമാനിച്ചിട്ടുണ്ട്. 


ഇതിന്റെ രണ്ടു ഘട്ടങ്ങൾ ഇതിനകം നിലവിൽവന്നിട്ടുണ്ട്. പെട്രോൾ ബങ്കുകളിലും സർവീസ് സെന്ററുകളിലുമാണ് ആദ്യ ഘട്ടത്തിൽ ഇ-പെയ്‌മെന്റ് നിർബന്ധമാക്കിയത്. വീൽബാലൻസിംഗ്, പഞ്ചർ, സ്‌പെയർ പാർട്‌സ്, കാർ മെക്കാനിക് തുടങ്ങി കാർ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തിൽ ഇത് നിർബന്ധമാക്കി. അടുത്ത വർഷം ഓഗസ്റ്റ് 25 നു മുമ്പായി മുഴുവൻ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണ്. ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കുന്നതിലൂടെ ധന ഇടപാടുകൾ വ്യവസ്ഥാപിതമാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിലക്ക് പണം പുറത്തേക്കൊഴുകുന്നതിന് തടയിടുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 


ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്. നിയമങ്ങൾ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവൽക്കരണം ഊർജിതമാക്കിയും പത്തു സർക്കാർ വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ-നിക്ഷേപ, ആഭ്യന്തര, തൊഴിൽ-സാമൂഹിക വികസന, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സക്കാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ സഹകരിക്കുന്നു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ഓരോ വകുപ്പിന്റെയും ചുമതലകൾ പ്രത്യേകം നിർണയിക്കുകയും ചെയ്തിട്ടുണ്ട്. 
രാജ്യത്ത് പ്രവർത്തിക്കുന്ന ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി റിയാൽ മുതൽ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

Latest News