റാഞ്ചി- ജാർഖണ്ഡിലെ ഗതാഗത വകുപ്പു മന്ത്രി സി പി സിങ് പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ റിട്വീറ്റും ഷെയറുകളുമായി കറങ്ങിനടക്കുന്നത്. ട്വിറ്ററിൽ ചിരിയുടെ കൂട്ടവെടി പൊട്ടിച്ച ഈ ചിത്രം മന്ത്രി തന്നെയാണ് ആദ്യമായി പോസ്റ്റ് ചെയ്തത്. റാഞ്ചിയിൽ നടന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.പി.ആർ.എഫ്) 78ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി സി പി സിങ് ചടങ്ങിന്റെ ഭാഗമായി ഒരു മരത്തൈ നട്ടിരുന്നു. നല്ല കാര്യം. എന്നാൽ നന്നായി മഴ പെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. മന്ത്രി നനയരുത് എന്ന് ആതിഥേയർക്ക് നിർബന്ധമുള്ളത് കൊണ്ട് അടുത്തു നിൽക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ മന്ത്രിക്ക് കുട ചൂടിക്കൊടുത്തിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് മഴയത്തു നട്ട തൈക്ക് മന്ത്രിയുടെ വക വെള്ളമൊഴിക്കൽ. ട്വിറ്ററാറ്റികൾക്ക് ട്രോളാൻ ഇതിനപ്പുറം വേറെ എന്തു വേണം.
പാവം മന്ത്രി. ഒരു നല്ല കാര്യം ചെയ്തത് നാട്ടുകാർ അറിയട്ടെ എന്നു കരുതിയാകണം പരിപാടിയുടെ കുറെ ഫോട്ടോകൾ അദ്ദേഹം തന്നെ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബിജെപി മന്ത്രിയല്ലെ, പോസ്റ്റ് തുഴഞ്ഞു നോക്കിയാൽ വല്ലതും കിട്ടുമെന്ന കരുതിയാകണം ഏതോ ഒരു ദോഷൈകദൃക്ക് ഫോട്ടോകൾ പരിശോധിച്ച് അതിൽ നിന്നും ഈ ഫോട്ടോ കണ്ടെടുത്തത്. അത് ഫേസ്ബുക്കിൽ നിന്നെടുത്ത് ട്വിറ്ററിൽ ഇടേണ്ട താമസം. ട്വിറ്ററാറ്റികൾ വന്ന് കൊത്തി.
പിന്നെ ട്രോളോട് ട്രോളായിരുന്നു. തൈ നടുമ്പോൾ മഴ പെയ്തു കൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് വീണ്ടും വെള്ളമൊഴിച്ചു കൊടുക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. മഹത്തായ ഈ കർമത്തിന് മന്ത്രിക്ക് അവാർഡ് നൽകണമെന്നായിരുന്നു ഒരു ട്രോൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജാർഖണ്ഡിൽ കനത്ത മഴയാണ്. ഈ വർഷം ഇതിനകം തന്നെ സാധാരണ മഴയേക്കാളും അഞ്ചു ശതമാനം കൂടുതൽ മഴ ലഭ്യമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.