- കോഴ വാങ്ങുന്ന സ്‌കൂളിന് സ്വന്തം ബാപ്പയുടെ പേരിടാൻ നിർദേശിച്ച കൊളത്തൂരിനെ കേട്ട ദിവസം
തിരുവനന്തപുരം - നഗര മാവോയിസ്റ്റുകളെന്ന് സർക്കാർ പറയുന്ന രണ്ട് ചെറുപ്പക്കാർക്കെതിരെ കോഴിക്കോട്ട് യു.എ.പി.എ ചുമത്തിയതിന്റെ പേരിലും ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിലും സി.പി.എം പോളിറ്റ് ബ്യൂറോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശം നേരിട്ടു വെന്ന മട്ടിലുള്ള വാർത്ത നൽകിയ മാധ്യമങ്ങളെ മുഖ്യമന്ത്രി പതിവ് രീതിയിൽ തന്നെ കൈകാര്യം ചെയ്തു. നിയമസഭയിലും പുറത്തും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ യു.ഡി.എഫ് മനസ്സ് വെച്ചുപുലർത്തുന്ന മാധ്യമ പ്രവർത്തകരാണ് ഇതുപോലുള്ള വാർത്തകൾ നൽകുന്നത്. ഇവരൊക്കെ പി.ബിയിൽ കയറിയിരിക്കുന്ന മട്ടിലാണ് റിപ്പോർട്ടിംഗ്. പി.ബിയുടെ ശക്തി എന്താണെന്ന് ഒരിക്കൽ കണ്ടവരല്ലേ നമ്മൾ. വി.എസ്-പിണറായി പോരിന്റെ കാലത്തെ നടപടികളിലേക്ക് വിരൽ ചൂണ്ടുന്ന വാക്കുകൾക്ക് പല തലത്തിലുള്ള മൂർച്ച. അന്ന് പി.ബിയിൽ നിന്ന് പുറത്തായ വി.എസ് പിന്നീടൊരിക്കലും ആ സ്ഥാനത്തെത്തിയിട്ടില്ല. നഗര മാവോയിസ്റ്റുകളെ കഠിന രീതിയിൽ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോൾ നല്ല മൂർച്ചയുള്ള ഓർമ മനസ്സിൽ വെച്ച് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. മാവോയിസ്റ്റുകൾ ആട്ടിൻ കുട്ടികളല്ല എന്ന തന്റെ പഴയ പ്രഖ്യാപനത്തിന്റെ തുടർച്ച യെന്നോണമുള്ള നിലപാട്. ചോദ്യോത്തര വേളയും രാഷ്ട്രീയ പോരിനാൽ തിളച്ചു മറിഞ്ഞു. 'കെ. ഫോൺ' പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വപ്‌നങ്ങളിൽ മാത്രം നിലനിൽക്കുകയും പരാജയപ്പെട്ടു പോവുകയും ചെയ്യുന്ന മുന്നിട്ടിറക്കങ്ങളെപ്പറ്റിയുള്ള ചിന്തയായി സഭാതലത്തിൽ നിറഞ്ഞു. പൊതു ഫണ്ട് വിഴുങ്ങുന്ന ഇത്തരം പദ്ധതി കൾക്കെതിരെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ വികാരം പല തലത്തിലുള്ള ചോദ്യങ്ങളായി അംഗങ്ങളിൽ നിന്ന് ഉയർന്നു വന്നു. എ.പി.അനിൽ കുമാർ, വി.ഡി.സതീശൻ ഷാനിമോൾ ഉസ്മാൻ, ഐ.സി.ബാലകൃഷ്ണൻ, ശബരീനാഥൻ, വി.ടി.ബലറാം എന്നിവരെല്ലാം അണിചേർന്ന് ചോദ്യ യുദ്ധം നടത്തിയ വിഷയങ്ങളി ൽ, വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം, പാസ്‌പോർട്ട് വെരിഫിക്കേഷൻ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ നടപടി എന്നിവ തരാതരം ചേർന്നു നിന്നു. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ തെല്ലും കുലുങ്ങാതെ തന്റെ രാഷ്ട്രീയ നിലപാടുകൾ ആവർത്തിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നൽകിയ കരാറിന്റെ വിശദാംശങ്ങൾ എടുത്തു പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്. അന്നില്ലാത്ത എന്ത് അയോഗ്യതയാണ് ഇന്നുള്ളത് എന്ന ചോദ്യം സ്വാഭാവികമായും കുറിക്കു കൊണ്ടു. വാളയാർ പെൺകുട്ടികളുടെ മരണം ബന്ധപ്പെടുത്തിയ ചോദ്യങ്ങൾക്ക് മുന്നിൽ സി.പി.എം പ്രതിരോധത്തിലാകുന്ന
തിന്റെ തുടർച്ച സഭയിലുമുണ്ടാകും. പാലക്കാട്ടെ സി.പി.എം നിലപാടിന് ശക്തി പകരുന്ന വിധം വാക്കിന്റെ വാളെടുത്തവരിൽ സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിനായിരുന്നു മുന്നിലെന്നത് കൗതുകം പകർന്നു. കാര്യങ്ങൾ പറഞ്ഞു പോകുന്നതിനിടക്ക് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിനെതിരെ മുഹ്‌സിൻ ദുസ്സൂചന നൽകുന്ന പരാമർശം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. കേസിലെ പ്രോസിക്യൂട്ടർക്കെതിരെ നടപടിയെടുത്തുള്ള ഉത്തരവിൽ ഇന്ന് രാവിലെയാണ് ഒപ്പ് വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞ് നാക്കെടുക്കും മുമ്പ് കോൺഗ്രസിലെ ശബരീനാഥൻ ചാടി വീണു. ആ വക്കീലിനെതിരെ മറ്റൊരു പരാതി വന്നതുകൊണ്ടല്ലേ നടപടിയെന്ന ശബരീനാഥിന്റെ ചോദ്യത്തിന് എതിരു പറയാനൊന്നും മുഖ്യമന്ത്രി തയാറായില്ല. സി.പി.എമ്മിലെ എം. സ്വരാജിനെയൊക്കെ സമാന ബൗദ്ധിക മാനത്തിൽ നേരിടാൻ കഴിവുള്ള ഒരു യുവ നിരയുള്ള വിഭാഗമാണിപ്പോൾ യു.ഡി.എഫും. സോഷ്യൽ മീഡിയ ഭാഷയൊക്കെ നല്ലവണ്ണം പ്രയോഗിക്കാനറിയുന്നവർ. പ്രമാദമായ ഷുഹൈബ് വധക്കേസിൽ സി.പി.എം പ്രതികളെ രക്ഷിച്ചെടുക്കാൻ ആ കേസ് കേൾക്കുന്ന ജഡ്ജിയുടെ നാട്ടുകാരനായ അസം സ്വദേശിയെ കൊണ്ടുവന്നത് ഒരു ലക്ഷ്യവുമില്ലാതെയാണെന്ന് നിങ്ങളൊക്കെ വിശ്വസിക്കുന്നുണ്ടോ നിഷ്‌കളങ്കരെ എന്ന ഷാഫി പറമ്പിലിന്റെ ചോദ്യം ബാബ്‌രി മസ്ജിദ് കേസിലെ വിധിക്ക് ശേഷം എം.സ്വരാജിന്റേതായി വന്ന പ്രസിദ്ധമായ നവ മാധ്യമ പ്രതികരണം ഓർമപ്പെടുത്തുന്നതായി. യൂനിവേഴ്‌സിറ്റി മാർക്ക് ദാന വിവാദം കത്തിനിൽക്കുന്ന ഘട്ടത്തിൽ മന്ത്രി ഡോ.കെ.ടി.ജലീലിന്റേതായി വന്ന നവ മാധ്യമ കുറിപ്പിൽ ഒരു കുട്ടിയുടെ കണ്ണുകളിൽ താൻ വായിച്ച വികാരത്തെക്കുറിച്ചൊരു പരാമർശമുണ്ടായിരുന്നു. ആ വാക്കുകളും ജലീൽ വധ പ്രസംഗത്തിൽ അംഗം ഉപയോഗിച്ചു. സർവകലാശാലാ ബിൽ ചർച്ച പൂർണമായും ജലീൽ വധം ആട്ടക്കഥയായി മാറിയത് സ്വാഭാവികം. കാരണം അത്രക്കാണ് യൂനിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട പരാതികൾ. മാർക്ക് ദാനം മുതൽ എന്തെല്ലാം അരുതായ്മകളുണ്ടോ അതെല്ലാം ഇപ്പോൾ യൂനിവേഴ്‌സിറ്റികളിലുണ്ടെന്നാണ് ലീഗിലെ അഡ്വ. കെ.എൻ.എ. ഖാദർ പറയുന്നത്. ഇങ്ങനെയെല്ലാമുള്ള സർവകലാശാലകൾക്ക് മഹാത്മാ ഗാന്ധിയുടെയും മറ്റും പേരിടരുത്, തലപ്പത്തുള്ളവരുടെ പിതാമഹന്മാരുടെ പേരിടണമെന്ന് ഖാദർ പറഞ്ഞത് സി.പി.എമ്മിലെ കെ.ബാബുവിന് ഇഷ്ടപ്പെട്ടില്ല. മന്ത്രി ജലീലിന്റെ പിതാമഹനെ പറയാമോ എന്ന് ബാബുവിന്റെ ക്രമപ്രശ്‌നം. ജലീലിന്റെ പിതാമഹനെയല്ല താൻ പറഞ്ഞതെന്ന് സഭാരേഖ നോക്കിയാൽ മനസ്സിലാകും. പണ്ടൊരു മുസ്‌ലിം ലീഗ് നേതാവ് (മുൻ പി.എസ്.സി അംഗമായ ഇന്ന് നമ്മോടൊപ്പമില്ലാത്ത കൊളത്തൂർ ടി.മുഹമ്മദ് മൗലവി) പ്രവേശനത്തിന് കോഴ വാങ്ങുന്ന സ്‌കൂളുകാരോട് പറഞ്ഞതാണത്. അപ്പണിക്കാണെങ്കിൽ സ്‌കൂളിന് സ്വന്തം ബാപ്പയുടെ പേരിടണമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. ഖാദറിന്റെ പ്രസംഗം പതിവ് പോലെ കവിതാ ഗാന സാഹിത്യം കൊണ്ട് നിറഞ്ഞു. സർവകലാശാലാ ബിൽ ചർച്ചയിൽ അദ്ദേഹം ചൊല്ലിയ കവിത 1968 ൽ ഗോപാലൻ മാസ്റ്റർ പഠിപ്പിച്ചതാണ്, ഹിന്ദി പദ്യം 1970 ൽ സരസ്വതി ടീച്ചർ പഠിപ്പിച്ചതും. ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നാണ് ഇന്ത്യയിൽ വന്നതെന്നും പണ്ട് പണ്ട് ഏതോ അധ്യാപകൻ പഠിപ്പിച്ചിരുന്നു. അതിന് ശേഷം ഒരാളും അങ്ങനെയൊരു ചോദ്യം തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ഖാദർ പറയുന്നത്. വിദ്യാഭ്യാസത്തിന്റെ തല തിരിഞ്ഞ അവസ്ഥയാണ് ഇത് കാണിക്കുന്നത്. ഏതായാലും നിയമസഭയിൽ പ്രസംഗിക്കാൻ ഇതുപയോഗപ്പെട്ടല്ലോ എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടൽ. കോളേജ് ഹോസ്റ്റലുകളിലൊക്കെ കുറ്റവാളികൾ നിറയുകയാണ്. മെഡിസിന് പഠിക്കുന്ന മകന്റെ ഹോസ്റ്റലിൽ ചെന്നപ്പോൾ വാർഡൻ പറഞ്ഞ കാര്യം ഖാദറിനെ ഞെട്ടിച്ചു. 'സാറേ സാറിന്റെ മകനും മറ്റൊരു കുട്ടിയുമേ ഇവിടെ മദ്യപിക്കാത്തവരായുള്ളൂ' എന്നാണ് വാർഡൻ പറഞ്ഞത്. വെട്ടും കുത്തും പഠിക്കാനാണെങ്കിൽ കോളേജിലേക്ക് പോകേണ്ടതില്ല. അതിനായി പ്രത്യേക കോഴ്‌സ് തുടങ്ങാം- യൂനിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഖാദറിന്റെ കുത്തുവാക്ക്. കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രി ജലീലും തമ്മിൽ വാക്‌പോര് നടന്നു. തിരുവഞ്ചൂർ നുണ പറയരുതെന്ന് മന്ത്രി ജലീൽ ക്ഷുഭിതനായപ്പോൾ ഇതെന്ത് സംസ്‌കാരമെന്ന് തിരുവഞ്ചൂർ. സത്യമല്ലാത്തത് എന്നാക്കാമെന്ന് മന്ത്രി തിരുത്തി. തന്റെ വകുപ്പ് ചെയ്ത കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് തനിക്കെതിരെയുള്ള സംഘടിത കടന്നാക്രമണങ്ങളെ മന്ത്രി ജലീൽ നേരിട്ടത്.