Sorry, you need to enable JavaScript to visit this website.

മോഡി സര്‍ക്കാര്‍ സൃഷ്ടിച്ച ഭയവും അവിശ്വാസവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു; അക്കമിട്ടു നിരത്തി മന്‍മോഹന്‍ സിങ്

ന്യൂദല്‍ഹി- ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വലിയ ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ നയവും നടപടികളും കാരണം പൗരന്മാരുടെ വിശ്വാസം തകര്‍ന്നിരിക്കുകയാണെന്നും വ്യവസായികള്‍ക്കും സംരഭകര്‍ക്കുമിടയില്‍ ഭയം രൂപപ്പെട്ടിരിക്കുകയാണെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ മുരടിപ്പിച്ചിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ് ദി ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. സാമ്പത്തിക മേഖലയുടെ വിവിധ തലങ്ങളെ ലേഖനത്തില്‍ അദ്ദേഹം വിശദമായി വിലയിരുത്തുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി; തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി; ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞ് ഉപഭോക്ത്യ ചെലവ് 40 വര്‍ഷത്തിനു ശേഷം ആദ്യമായി ഇടിഞ്ഞു; ബാങ്കുകളുടെ കിട്ടാക്കടം എക്കാലത്തേയും ഉയര്‍ന്ന തോതിലെത്തി; വൈദ്യുതോല്‍പ്പാദനം 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി... ഈ പട്ടിക നീണ്ടതും ആശങ്കപ്പെടുത്തുന്നതുമാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ പരിതാപകരമാകാന്‍ ഈ കണക്കുകള്‍ മാത്രമല്ല കാരണം. ആഴത്തില്‍ മറഞ്ഞുകിടക്കുന്ന വലിയ തകര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ മാത്രമാണിവയെന്നും മന്‍മോഹന്‍ വ്യക്തമാക്കുന്നു. 

സമൂഹത്തിന്റെ പ്രതിഫലനവും ഇടപാടുകളും കൂടിയാണ് ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. രാജ്യത്തെ പൗരന്മാരും അവിടുത്തെ സ്ഥാപനങ്ങളും തമ്മിലുള്ള സാമൂഹിക ഇടപാടുകളുടെ ആകെത്തുകയാണ് ഏതൊരു സമ്പദ്‌വ്യവസ്ഥയുടേയും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. ഈ സാമൂഹിക ഇടപാടുകളുടെ അടിസ്ഥാനം തന്നെ ജനങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസവം ആത്മവിശ്വാസവുമാണ്. ഇതാണ് സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നത്. വിശ്വാസമെന്ന നമ്മുടെ സാമൂഹിക കെട്ടുറപ്പിനെ തകര്‍ത്തിരിക്കുകയാണ് മോഡി സര്‍ക്കാര്‍. സമൂഹത്തില്‍ ഇന്ന് ഭയപ്പാടിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു. സര്‍ക്കാരിന്റെ പീഡനം നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് തങ്ങളെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞതായും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. 

നടപടികള്‍ ഭയന്ന് പുതിയ വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ വിമുഖരാണ്. തൊഴില്‍ സൃഷ്ടിപ്പിന്റേയും വളര്‍ച്ചയുടേയും ചാലക ശക്തിയായ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സംരഭകര്‍ മടിക്കുന്നു. നിരന്തര നിരീക്ഷണത്തിലും സംശയത്തോടെയുള്ള നോട്ടവുമാണ് സര്‍ക്കാരിന്റേത്. ഈ ഭയത്തിന്റെ നിഴലിലാണ് ഇവര്‍. സത്യം വിളിച്ചു പറയാന്‍ സര്‍ക്കാരിന്റേയും അതിന്റെ സ്ഥാപനങ്ങളുടേയും തലപ്പത്തിരിക്കുന്ന നയ വിദഗ്ധര്‍ ഭയപ്പെടുന്നു. സത്യസന്ധമായ നയരൂപീകരണ ചര്‍ച്ചകള്‍ നടത്താനും ഇവര്‍ ഭയപ്പെടുന്നു. ഇത്തരത്തില്‍ അവിശ്വാസം നിലനില്‍ക്കുമ്പോള്‍അത് സമൂഹത്തിലെ സാമ്പത്തിക ഇടപാടുകളേയും പ്രതികൂലമായി ബാധിക്കും. ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയിലെ ഇടപാടുകളെ ബാധിച്ചാല്‍ അത് സാമ്പത്തിക ക്രയവിക്രയങ്ങളേയും മന്ദഗതിയിലാക്കും. ഒടുവില്‍ മുരടിപ്പിലേക്കും നയിക്കും. ഈ ഭയവും അവിശ്വാസവും പൗരന്മാര്‍ക്കിടയിലെ ആത്മവിശ്വാസ നഷ്ടവുമാണ് നാം നേരിടുന്ന കുത്തനെയുള്ള സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂല കാരണമെന്നും മന്‍മോഹന്‍ സിങ് വിശദീകരിക്കുന്നു. 

സര്‍ക്കാര്‍ എല്ലാം സംശയത്തോടെയാണ് കാണുന്നത്. മുന്‍ സര്‍ക്കാരുകളുടെ പദ്ധതികളും നയങ്ങളും അനുവദിച്ച വായ്പകളുമെല്ലാം സംശയത്തോടെ കണ്ട് പ്രതികാര നടപടികളെടുക്കുന്നു. ഇവിടെ സ്വയം രക്ഷകനായി അവതരിച്ച സര്‍ക്കാര്‍ സദാചാര പോലീസ് ചമഞ്ഞ് നോട്ടുനിരോധനം പോലുള്ള ദുരന്തപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതൊരിക്കലും സാമ്പത്തിക  ആരോഗ്യത്തിന് നല്ലതല്ല. 

ഈ നില തുടര്‍ന്നാല്‍ രാജ്യം പണപ്പെരുപ്പവും മുരടിപ്പും ഒന്നിച്ചു വരുന്ന അപകടകരമായ സാഹചര്യത്തില്‍ എത്തിപ്പെടും. പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു വരികയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുന്നതോടെ 'സ്റ്റാഗ്ഫ്‌ളേഷന്‍' എന്നു സാമ്പത്തിക വിദഗ്ധര്‍ വിളിക്കുന്ന അവസ്ഥ സംജാതമാകും. വലിയ സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു അപകട സാഹചര്യത്തില്‍ നിന്ന് കരകയറല്‍ പ്രയാസമാണ്. ഇന്ത്യ ഈ ഒരു അവസ്ഥയില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടനടി പരിഹാരം ചെയ്തില്ലെങ്കില്‍ ഈ അവസ്ഥയിലെത്തുമെന്നും മന്‍മോഹന്‍ മുന്നറിയിപ്പു നല്‍കുന്നു.
 

Latest News