റാഞ്ചി- തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയ ജാർഖണ്ഡിൽ ബി.ജെ.പിയിൽ കലാപക്കൊടി. സംസ്ഥാനത്ത് എൻ.ഡി.എ സഖ്യം തകർന്നതിന് പിന്നാലെയാണ് ബി.ജെ.പിക്കുള്ളിൽ തന്നെ കലാപം ഉയർന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രഘുബർ ദാസിനെതിരെ ജംഷഡ്പുർ ഈസ്റ്റിൽ ബി.ജെ.പി മന്ത്രിസഭയിലെ അംഗവും പാർട്ടിയുടെ മുതിർന്ന നേതാവുമായ സരയു റായ് മത്സരിക്കാൻ പത്രിക നൽകി. ഇവിടെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഗൗരവ് വല്ലഭാണ് സ്ഥാനാർത്ഥി. ഈ പ്രതിസന്ധിക്കിടെയാണ് സരയു റായ് മത്സരിക്കാനെത്തിയത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും വിജയിക്കാനായിട്ടില്ല. ജാർഖണ്ഡിൽ ഇക്കാലം വരെയുണ്ടായ മുഴുവൻ ബി.ജെ.പി സർക്കാറിലും സരയു റായ് അംഗമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ സരയു റായ് മത്സരിക്കുമെങ്കിൽ പിന്തുണക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും വ്യക്തമാക്കിയിരുന്നു.