ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ആദ്യ ദിവസം തന്നെ ഉന്നയിക്കപ്പെട്ട പ്രഥമ വിഷയം ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന ലോക്‌സഭാംഗവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായി ഫാറൂഖ് അബ്ദുല്ലയുടെ അസാന്നിധ്യത്തെ ചൊല്ലിയായിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനു പിന്നാലെ വീട്ടു തടങ്കളില്‍ അറസ്റ്റില്‍ കഴിയുകയാണ് ഫാറൂഖ് അബ്ദുല്ല. ലോക് സഭയില്‍ ദേശീയ ഗാനാലാപനം കഴിഞ്ഞയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഗത റോയിയാണ് വിഷയം എടുത്തിട്ടത്. സര്‍, ഡോ. ഫാറൂഖ് അബ്ദുല്ല ഇവിടെ ഇല്ല. അദ്ദേഹത്തെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവന ഇറക്കുകയോ ചെയ്യണം എന്നായിരുന്നു സുഗത റോയിയുടെ ആവശ്യം. ആദ്യം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കട്ടെ എന്നായിരുന്നു ഇതിന് സ്പീക്കര്‍ ഓം ബിര്‍ലയുടെ മറുപടി. ഇതോടെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബഹളമുണ്ടാക്കി രംഗത്തെത്തി. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലേക്കു നീങ്ങി. പ്രതിപക്ഷത്തെ ആക്രമിക്കുന്നത് നിര്‍ത്തൂ, ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കൂ എന്നായിരുന്നു മുദ്രാവാക്യം. എല്ലാ വിഷയവം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കശമീരിലെ സാഹചര്യങ്ങളെ കുറിച്ച് ശക്തമായ ഭാഷയില്‍ സംസാരിച്ചു. ഫാറൂഖ് അബ്ദുല്ലയെ തടങ്കലില്‍ അടച്ചിരിക്കുന്നത് പൈശാചികതയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് അ്ബ്ദുല്ലാജിയെ തടങ്കലില്‍ അടച്ചിട്ട് 108 ദിവസം പിന്നിട്ടു. എന്തു തരം അനീതിയാണിത്? അദ്ദേഹത്തെ എത്രയും വേഗം പാര്‍ലമെന്റിലെത്തിക്കണം. ഇത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്- അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ എംപിമാരുടെ സ്വകാര്യ സംഘത്തെ കശ്മീരിലെത്തിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു.
ഫാറൂഖ് അബ്ദുല്ലയുടെ തടങ്കല്‍ നിയമവിരുദ്ധമാണെന്നും ഇടപെടേണ്ടത് സര്‍ക്കാരാണെന്നും ഡിഎംകെ നേതാവ് ടി ആര്‍ ബാലു പറഞ്ഞു. ബഹളമയമയ സാഹചര്യങ്ങള്‍ക്കൊടുവില്‍ ഫാറൂഖ് അബ്ദുല്ലയുടെ മോചനം ആവശ്യപ്പെട്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം കൊണ്ടു വന്നു.