ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് തടഞ്ഞു; സംഘര്‍ഷം, നിരോധനാജ്ഞ, അറസ്റ്റ്

ന്യൂദല്‍ഹി- ഫീസ് വര്‍ധനയ്‌ക്കെതിരായി ജെഎന്‍യുവില്‍ നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്കു നടത്തിയ ലോംഗ് മാര്‍ച് തെരുവില്‍ പോലീസ് തടഞ്ഞു. ഇതു സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു മുന്നോടിയായി വന്‍ പോലീസ് സന്നഹാം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നു. 1200 പോലീസുകാരേയാണ് ക്യാംപസിനു പുറത്ത് വിന്യസിച്ചിട്ടുള്ളത്. പാര്‍ലമെന്റിനു സമീപത്ത് വലിയ ആള്‍ക്കൂട്ടം ഒത്തു ചേരുന്നതും പോലീസ് വിലക്കിയിട്ടുണ്ട്. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ നോര്‍ത്ത് ഗേറ്റിനു ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി യൂണിയന്‍ നോതാക്കളും ഇതിലുള്‍പ്പെടും. ഇതോടെ സംഘര്‍ഷവുമുണ്ടായി. സമരത്തില്‍ നിന്നു പിന്മാറണമെന്ന വിസിയുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ ചെവികൊണ്ടില്ല.

പാര്‍ലമെന്റില്‍ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നിലപാടെടുക്കാനും എംപിമാരോട് അപേക്ഷിക്കാനാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

പ്രശനം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി യൂണിവേഴ്‌സിറ്റ് അധികാരികള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനാണ് ഈ സമിതിയെ നിയമിച്ചതെന്ന് മാനവശേഷി മന്ത്രാലയം സെക്രട്ടറി ആര്‍ സുബ്രമണ്യം പറഞ്ഞു. സമിതി ഉടന്‍ വിദ്യാര്‍ത്ഥികളുമായും യുണിവേഴ്‌സിറ്റി അധികാരികളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  


 

Latest News