ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ശിവ സേനയുമായി സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പദവി നല്‍കാത്തതിനാല്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശിവ സേനയെ കൂടെ കൂട്ടുന്നത് കരുതലോടെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഹിന്ദുത്വ നയം അടക്കം പല ഭിന്നാഭിപ്രായങ്ങളും കോണ്‍ഗ്രസിനും എന്‍സിപിക്കും ഉണ്ട്. കോണ്‍ഗ്രസും എന്‍സിപിയും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തേക്കുമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഏറ്റവും ഒടുവിലെ പ്രതികരണം സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രിയില്‍ ബിജെപിയും ശിവസേനയും സഖ്യമുണ്ടായിരുന്നു. അവര്‍ വരുടെ വഴി തിരഞ്ഞെടുക്കണം. എന്‍സിപിക്ക് കോണ്‍ഗ്രസുമായാണ് സഖ്യമുള്ളത്. അതുകൊണ്ട് സോണിയാ ഗാന്ധിയെ കാണാന്‍ പോകുന്നുവെന്നാണ് പവാര്‍ ദല്‍ഹിയില്‍ പ്രതികരിച്ചത്. ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചിനാണ് നിര്‍ണായകമായ സോണിയാ-പവാര്‍ കൂടിക്കാഴ്ച.