ന്യൂദല്‍ഹി- സനാതന ധര്‍മം കാത്തുസൂക്ഷിക്കണമെന്നും ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണം. സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മിഷനറി സ്‌കൂളുകളില്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിപ്പിക്കുന്നതെന്നും സനാതന ധര്‍മ സംരക്ഷണത്തിനായി എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ തിരിച്ചുവന്ന് നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.