ഫെറേഷൻ എ.ഐ.എഫ്.എഫിന് അപേക്ഷ അയച്ചു
ന്യൂദൽഹി - ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെങ്കലം മാത്രം നേടിയ സ്പ്രിന്റർ ദ്യുതി ചന്ദിന് ലോക മീറ്റിൽ പങ്കെടുക്കാൻ ക്ഷണം. 1500 മീറ്ററിൽ ഏഷ്യൻ ചാമ്പ്യനായ മലയാളി പെൺകൊടി പി.യു ചിത്രക്ക് ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ഐ.എ.എ.എഫ്) അവസരം നിഷേധിച്ച വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷൻ ദ്യുതിയെ മത്സരിക്കാൻ ക്ഷണിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ലോക മീറ്റ് ആരംഭിക്കുന്നത്. പുരുഷ ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കുന്ന ഹൈപർആൻഡ്രോജനിസം എന്ന ശാരീരികാവസ്ഥയുള്ള ദ്യുതി ഉൾപെടെയുള്ളവർ വനിതകൾക്കൊപ്പം മത്സരിക്കുന്നത് വിലക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രണ്ടു മാസത്തേക്ക് കൂടി നീട്ടി ഇന്നലെ സ്‌പോർ ട്‌സ് മാധ്യസ്ഥ കോടതിയുടെ അറിയിപ്പ് വന്നതോടെ ദ്യുതിക്ക് അവസാന തടസ്സവും നീങ്ങി. ദ്യുതിക്ക് ബ്രിട്ടനിലേക്ക് വിസ നേര ത്തെ എടുത്തു വെച്ചതിനാൽ യാത്രക്കും ബുദ്ധിമുട്ടുണ്ടാവില്ല.
കോടതി അനുകൂലമായി വിധിച്ചതോടെ ചിത്രയെ ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ രാജ്യാന്തര അത്‌ലറ്റിക് അസോസിയേഷന് എഴുതിയിട്ടുണ്ട്. ഇത് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. വ്യാഴാഴ്ച ഉദ്ഘാടന ദിനം തന്നെയാണ് വനിതകളുടെ 1500 മീറ്ററിന്റെ യോഗ്യതാ റൗണ്ട്. ടീമിൽ ഉൾപെടുത്തിയാൽ തന്നെ, അതിനു മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ലണ്ടനിലെത്തുക പ്രയാസമായിരിക്കും. ഇന്ത്യയുടെ അവസാന സംഘം നാളെ പുറപ്പെടുകയാണ്. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഊട്ടിയിൽ പരിശീലനം കഴിഞ്ഞെത്തിയ ചിത്ര അറിയിച്ചത്. വ്യാഴാഴ്ച ടീമിനെ തെരഞ്ഞെടുത്തെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് പ്രഖ്യാപനം നടത്തിയതും ദുരൂഹമാണ്. എൻട്രി സമർപ്പിക്കാനുള്ള അവസാന തിയ്യതിയും കഴിഞ്ഞാണ് ചിത്രയുൾപ്പെടെ മൂന്നു പേരെ തഴഞ്ഞ വിവരം ഫെഡറേഷൻ വെളിപ്പെടുത്തിയത്.
ചിത്ര ലോക മീറ്റിൽ പങ്കെടുത്താലും ഇല്ലെങ്കിലും മറ്റൊരു അത്‌ലറ്റിന്റെ കാര്യത്തിലും ഇത്തരം ഇരട്ടത്താപ്പ് കാണിക്കാൻ ഇനി അത്‌ലറ്റിക്‌സ് ഫെഡറേഷൻ മുതിരില്ലെന്ന് അത്‌ലറ്റിന്റെ കോച്ച് സി.എസ്. സിജിൻ അഭിപ്രായപ്പെട്ടു. കോടതി വിധി ഫെഡറേഷന് കനത്ത പ്രഹരമാണ്. ഇനിയെങ്കിലും സുതാര്യമായി ടീമിനെ തെരഞ്ഞെടുക്കാൻ അവർ തയാറാവണം -സിജിൻ പറഞ്ഞു.
ചിത്രയെ പോലെ ദ്യുതിയും ലോക മീറ്റ് യോഗ്യതാ മാർക്ക് മറികടന്നിരുന്നില്ല. എന്നാൽ ഏഷ്യൻ മീറ്റിൽ സ്വർണം നേടിയതിനാൽ ചിത്രക്ക് ലോക മീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നു. അതേസമയം 100 മീറ്ററിൽ വെങ്കലം മാത്രം നേടിയ ദ്യുതിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷെ 100 മീറ്ററിൽ മത്സരിക്കാൻ മതിയായ എണ്ണം മത്സരാർഥികൾ ഇല്ലാതിരുന്നതോടെ ഐ.എ.എ.എഫ് യോഗ്യതാ മാർക്ക് കുറക്കുകയായിരുന്നു. 56 പേരാണ് ലോക മീറ്റിൽ മത്സരിക്കുക. ദ്യുതി ലോക റാങ്കിംഗിൽ നൂറിനടുത്താണ്. എന്നാൽ ഒരു രാജ്യത്തുനിന്ന് മത്സരിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ ദ്യുതിക്ക് അവസരം കിട്ടും. 11.26 സെക്കന്റായിരുന്നു 100 മീറ്ററിൽ യോഗ്യതാ മാർക്കായി ഐ.എ.എ.എഫ് നിശ്ചയിച്ചത്. ഏഷ്യൻ മീറ്റ് ഫൈനലിൽ 11.52 സെക്കന്റിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. എന്നാൽ മെയ് 15 ന് നടന്ന ന്യൂദൽഹി ഇന്ത്യൻ ഗ്രാന്റ്പ്രിയിൽ 11.30 സെക്കന്റിൽ ഓടിയിരുന്നു എന്നതു കണക്കിലെടുത്താണ് വൈൽഡ് കാർഡ് എൻട്രി നൽകിയിരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിനു ശേഷം വിശ്രമിക്കുന്ന ദ്യുതി ഗുണ്ടൂരിൽ നടന്ന അന്തർ സംസ്ഥാന മീറ്റിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം 1500 മീറ്ററിൽ ടീമിലുൾപെടുത്തിയില്ലെന്നു മാത്രമല്ല ചിത്രയുടെ എൻട്രി പോലും ലോക മീറ്റിന് ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ നൽകിയില്ല. അതിനാൽ കേരളാ ഹൈക്കോടതി അനുകൂലമായി വിധിച്ചെങ്കിലും എൻട്രി നൽകേണ്ട സമയം കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചു. ഇനി ചിത്രക്ക് വേണ്ടി ഐ.എ.എ.എഫ് പ്രത്യേക ഇളവ് നൽകേണ്ടി വരും.
ചിത്രയെ മത്സരിപ്പിക്കുന്നതിന് നടപടി സ്വകരിക്കാൻ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷനോട് കേന്ദ്ര സ്‌പോർട്‌സ് മന്ത്രി വിജയ് ഗോയലാണ് നിർദേശിച്ചത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഫെഡറേഷന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം പാടില്ലെന്ന് മന്ത്രി ഉപദേശിച്ചു.
1500 മീറ്ററിൽ ഏഷ്യൻ മീറ്റിനുള്ള യോഗ്യതാ മാർക്ക് നാല് മിനിറ്റ് ഏഴ് സെക്കന്റാണ്. ചിത്ര ഏഷ്യൻ മീറ്റിൽ നാല് മിനിറ്റ് 17.92 സെക്ക ന്റിലും അന്തർ സംസ്ഥാ ന മീറ്റിൽ നാല് മിനിറ്റ് 28 സെക്കന്റിലുമാണ് ഓടിയത്. എങ്കിലും ഏഷ്യൻ ചാമ്പ്യനെന്ന നിലയിൽ ലോക മീറ്റിൽ പങ്കെടുക്കാം. എന്നാൽ ഏഷ്യൻ മീറ്റ് മാത്രം മാനദണ്ഡമാക്കിയല്ല ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തതെന്ന് സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ഗുർബച്ചൻ സിംഗ് രന്ധാവ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രാവർത്തികമാക്കാൻ കേന്ദ്ര സ്‌പോർട്‌സ് മന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നതിനു പകരം ചിത്ര യെ അയക്കാൻ പറ്റില്ല എന്ന നിലപാട് ഫെഡറേഷൻ സ്വീകരിക്കുന്നത് നിർഭാഗ്യ കരവും അസ്വീകാര്യവുമാണ്. അവസാന നിമിഷത്തിൽ അയക്കാൻ പറ്റില്ല എന്നാണ് ന്യായീകരണം. പ്രതിസന്ധി ഘട്ടങ്ങളിൽ താരങ്ങളെ അയക്കാൻ സാധിക്കും എന്നതിന് മുൻ അനുഭവങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.