ന്യൂദല്‍ഹി-ശിവസേനയും ബി.ജെ.പിയും ചേര്‍ന്ന് തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ദല്‍ഹിയില്‍ എന്‍.ഡി.എ യോഗത്തിനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലെ പറഞ്ഞു.
മഹാരാഷ്ട്രാ വിഷയത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാമെന്ന് അമിത് ഭായിയോട് പറഞ്ഞപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും എല്ലാം ശരിയാകുമെന്നും ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മറുപടി നല്‍കിയതായി അത്താവാലെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ദല്‍ഹിയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന എന്‍.ഡി.എ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശിവസേന വിസമ്മതിച്ചു. ദേശീയ തലത്തിലുള്ള ബി.ജെ.പി സഖ്യത്തില്‍നിന്ന് ശിവസേന പുറത്തു വരുമെന്ന് ഇതോടെ ഉറപ്പായി. ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുകയാണ് പ്രധാനമെന്ന് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശിവസേന എം.പിമാരുടെ സീറ്റ് മാറ്റിയിട്ടുണ്ട്.
മുംബൈയില്‍ ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ഏഴാമത് ചരമ വാര്‍ഷികത്തില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചത്. നേതാക്കള്‍ മുഖാമുഖം എത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. ശിവസേനാ നേതാക്കള്‍ രാവിലെ പത്തിനും 12 നും ഇടയില്‍ സ്മാരകത്തിലെത്തിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ ഒരു മണിക്ക് ശേഷമാണ് എത്തിച്ചേര്‍ന്നത്.
ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യകക്ഷി നേതാക്കള്‍ ഗവര്‍ണറുമായി നടത്താനിരുന്ന കൂടിക്കാഴ്ച കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാനുള്ള തിരക്ക് കാരണമാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. അതേസമയം, കഴിഞ്ഞ ദിവസം അംഗീകരിച്ച പൊതുമിനിമം പരിപാടി, ശിവസേനയുടെ ഹിന്ദുത്വ അജണ്ട എന്നിവയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ മാസം 22 ന് നടക്കുന്ന മുംബൈ മേയര്‍ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി ശിവസേനയെ പിന്തുണക്കുമെന്ന് ശരത് പവാര്‍ ഉദ്ദവ് താക്കറെയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി കുതിരക്കച്ചവടം നടത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതായി ശിവസേന ഇന്നലെ രാവിലെ അരോപിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രാജ്യസഭയിലെ ശിവസേനാ അംഗങ്ങളുടെ സ്ഥാനം പ്രതിപക്ഷ നിരയിലേയ്ക്ക് മാറി. രാജ്യസഭയില്‍ ശിവസേനക്ക് രണ്ട് അംഗങ്ങളാണുള്ളത്.