റിയാദ്- സൗദി അറാംകോയുടെ മൂല്യം സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത മുഴുവൻ ഓഹരികളുടെയും വിപണി മൂല്യത്തിന്റെ മൂന്നിരട്ടിയിലേറെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറാംകോ ഓഹരി വില ശ്രേണിയായി പ്രഖ്യാപിച്ചിരിക്കുന്നത് 30 റിയാൽ മുതൽ 32 റിയാൽ വരെയാണ്. കമ്പനിക്ക് 20,000 കോടി ഷെയറുകളാണുള്ളത്. ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നത്. ഇതു പ്രകാരം സൗദി അറാംകോയുടെ ഓഹരി മൂല്യം 1.6 ട്രില്യൺ ഡോളർ മുതൽ 1.71 ട്രില്യൺ ഡോളർ വരെയാണെന്നാണ് (6 ട്രില്യൺ റിയാൽ മുതൽ 6.4 ട്രില്യൺ റിയാൽ വരെ) കണക്കാക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളുടെ ആകെ മൂല്യം 1.87 ട്രില്യൺ റിയാൽ (499 ബില്യൺ ഡോളർ) ആണ്. ഇതുപ്രകാരം സൗദി അറാംകോയുടെ ഓഹരി മൂല്യം സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആകെ ഓഹരികളുടെ 3.2 മുതൽ 3.4 ഇരട്ടി വരെയാണ്.
സൗദി അറാംകോയുടെ ആകെ ഓഹരികൾ 20,000 കോടി ആണ്. ഇതിൽ ആകെ ഒന്നര ശതമാനം ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നത്. ആകെ അര ശതമാനം (100 കോടി) ഓഹരികളാണ് വ്യക്തികൾക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. ഒരു ശതമാനം (200 കോടി) ഓഹരികൾ കമ്പനികൾക്കു വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്.
ഓഹരി വിൽപനയിലൂടെ 2,400 കോടി ഡോളർ മുതൽ 2,560 കോടി ഡോളർ (9,000 കോടി റിയാൽ മുതൽ 9,600 കോടി റിയാൽ) വരെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 30 റിയാൽ മുതൽ 32 റിയാൽ വരെയുള്ള വില ശ്രേണിയിൽ 300 കോടി ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ കമ്പനി വിൽക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വിലയ ഐ.പി.ഒ ആകുമിത്. ചൈനീസ് കമ്പനിയായ അലിബാബയുടെ ഐ.പി.ഒയെ സൗദി അറാംകോ ഐ.പി.ഒ മറികടക്കും. അലിബാബയുടെ ഐ.പി.ഒയിലൂടെ 2,500 കോടി ഡോളറാണ് സമാഹരിച്ചത്. ഐ.പി.ഒ വില ശ്രേണി അനുസരിച്ച് ലോകത്ത് ഏറ്റവുമധികം മൂല്യമുള്ള കമ്പനി സൗദി അറാംകോ ആണ്.