റാഞ്ചി- ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച എന്‍ഡിഎ ഘടകകക്ഷി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്‌യു) ബിജെപിക്കെതിരെ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി നേതാവും മന്ത്രിയുമായ അമര്‍ കുമാര്‍ ബൗരിയ്‌ക്കെതിരെ ചന്ദന്‍കിയാരി മണ്ഡലത്തിലാണ് എജെഎസ്‌യു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇതിന് മറുപടിയായി എജെഎസ്‌യു നേതാവും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമായ രാംചന്ദ്ര സാഹിസിനെതിരെ ജുഗ്‌സലായി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ എജെഎസ്‌യു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള 19 മണ്ഡലങ്ങളില്‍ 15 സ്ഥലങ്ങളിലും ബിജെപി എതിര്‍പക്ഷത്തുണ്ട്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനെ കൂടാതെ എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയും സംസ്ഥാനത്ത് ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ അന്‍പതിടത്തും സ്ഥാനാര്‍ത്ഥികളെ എല്‍ജെപി നിര്‍ത്തിയിട്ടുണ്ട്. 2014ല്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ജെ.പി മത്സരിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്ന് എജെഎസ്‌യു ആവശ്യപ്പെട്ടെങ്കിലും ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ലെന്ന ബിജെപി നിലപാടാണ് സഖ്യം പിരിയാന്‍ കാരണമായത്. 19 വര്‍ഷത്തെ ജാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ മുഴുവന്‍ സമയം അധികാരത്തിലിരിക്കാന്‍ സാധിച്ച ഏക മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. 2014 ലെ തെരഞ്ഞെടുപ്പില്‍ 37 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. അന്ന് അഞ്ച് സീറ്റുകളുണ്ടായിരുന്ന എജെഎസ്‌യുവിന്റെ സഹായത്തോടെയാണ് രഘുബര്‍ ദാസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടടുപ്പില്‍ ബിജെപിഎജെഎസ്യ സഖ്യം 14ല്‍ 12 സീറ്റുകള്‍ നേടിയിരുന്നു. 2005, 2009, 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകളനുസരിച്ച് 26 സീറ്റുകളില്‍ എജെഎസ്‌യുവിന് നിര്‍ണായകമായ സ്വാധീനമുണ്ട്.