റേവ- മധ്യപ്രദേശിലെ റേവയില്‍ ജില്ലാ ജഡ്ജിയുടെ വീട്ടുവളപ്പില്‍ നിന്നും മോഷ്ടാക്കള്‍ നാലു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. ജഡ്ജിയുടെ വീട്ടില്‍ സുരക്ഷാ ചുമതയുണ്ടായിരുന്നു പോലീസുകാരനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കള്‍ ചന്ദനക്കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഗാര്‍ഡ് ബുധിലാല്‍ കോല്‍ ആണു പരാതി നല്‍കിയത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ സിങിനെ വസതിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ചന്ദനാണ് മോഷ്ടിച്ചത്.
ആദ്യമെത്തിയ മോഷ്ടാവ് തന്നെ നാടന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും പിന്നീട് മറ്റു മോഷ്ടാക്കള്‍ കൂടി എത്തി തന്നെ ബന്ധിയാക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പോലീസ് ഗാര്‍ഡ് പറയുന്നു. 10 മിനിറ്റനകം ഇവര്‍ വീട്ടു വളപ്പിലെ നാലു ചന്ദന മരങ്ങളും മുറിച്ച് കാതലായ ഭാഗം വെട്ടിയെടുത്തി സ്ഥലം വിടുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ബുധിലാലിനെ കൂടാതെ മറ്റു നാലു പോലീസ് ഗാര്‍ഡുമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ ഇവര്‍ ആരേയും ഉപദ്രവിച്ചില്ല. സംഭവ സമയം ജഡ്ജിയും കുടുംബവും ഉറക്കത്തിലായിരുന്നു.
ഉത്തര്‍ പ്രദേശിലെ കനോജില്‍ നിന്നുള്ളവരാണ് ഈ മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചന്ദനത്തിരികളും സുഗന്ധ വസ്തുക്കളും ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമാണ് കനോജ്. നേരത്തെയും റേവയില്‍ നിന്ന് ചന്ദനം മോഷ്ടിച്ച കേസില്‍ കനോജ് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.