പൂനെ- സര്‍വീസ് വൈകല്‍, റദ്ദാക്കല്‍ എന്നിവ കൊണ്ടെല്ലാം മോശം പേരുള്ള എയര്‍ ഇന്ത്യ തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാന കമ്പനിയായ അലയന്‍സ് എയറിന്റേയും പേര് നശിപ്പിക്കും. കഴിഞ്ഞ ദിവസം നാസിക്കില്‍ നിന്നും പൂനെയിലേക്കുള്ള സര്‍വീസ് അലയന്‍സ് എയറിനു റദ്ദാക്കേണ്ടി വന്നു. യാത്രക്കാരെ പിന്നീട് റോഡു മാര്‍ഗമാണ് വിമാന കമ്പനി അധികൃതര്‍ പുനെയിലെത്തിച്ചത്. 28 യാത്രക്കാരില്‍ 18 പേരും റോഡു മാര്‍ഗം പുനെയിലെത്തി.
ഹൈദരാബാദില്‍ നിന്നും നാസിക് വഴി പുനെയിലേക്കുള്ള സര്‍വീസായിരുന്നു ഇത്. സാധാരണ ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് ഈ വിമാനം നാസിക്കില്‍ ഇറങ്ങുക. ഇവിടെ നിന്നു പുറപ്പെട്ട് 9.30ന് പുനെയിലും എത്തും. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വൈകിയ വിമാനം 10 മണിക്കാണ് നാസിക്കില്‍ എത്തിയത്. ഇതിനോടകം തന്നെ പുനെയിലെ റണ്‍വെ അടയ്ക്കുന്നതായി അറിയിപ്പ് വന്നിരുന്നു. അതോടെ വൈകിയ വിമാനത്തിന് നാസിക്കില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ശനിയാഴ്ചകളില്‍ 10.30ന് പൂനെയില്‍ റണ്‍വെ അറ്റകുറ്റപ്പണിക്കായി അടക്കുന്ന പതിവുണ്ട്. വൈകുന്നേരം 5.30 വരെ അടച്ചിടും. ഈ സമയത്ത് വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ട്.