Sorry, you need to enable JavaScript to visit this website.

സൗദിയിൽ 18,976 ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ

റിയാദ് - ഇന്ത്യയിൽനിന്നുള്ള 18,976 എൻജിനീയർമാർ പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടിയതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,61,666 എൻജിനീയർമാരാണ് ഇതുവരെ അക്രഡിറ്റേഷൻ നേടിയത്. 74,149 ടെക്‌നിഷ്യന്മാരും അക്രഡിറ്റേഷൻ നേടി. സിവിൽ എൻജിനീയർമാർ, ഇലക്ട്രിക്കൽ എൻജിനീയർമാർ, മെക്കാനിക്കൽ എൻജിനീയർമാർ, ആർക്കിടെക്ടുമാർ, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻസ് എൻജിനീയർമാർ എന്നീ അഞ്ചു വിഭാഗം എൻജിനീയർമാരാണ് ഏറ്റവും കൂടുതൽ അക്രഡിറ്റേഷൻ നേടിയത്. 40,915 സിവിൽ എൻജിനീയർമാരും 28,829 ഇലക്ട്രിക്കൽ എൻജിനീയർമാരും 27,544 മെക്കാനിക്കൽ എൻജിനീയർമാരും 6709 ആർക്കിടെക്ടുമാരും 5723 ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻസ് എൻജിനീയർമാരും അക്രഡിറ്റേഷൻ നേടി. 
ഈജിപ്ത്, സൗദി അറേബ്യ, ഇന്ത്യ, ജോർദാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യക്കാരാണ് ഏറ്റവും കൂടുതൽ. ഒന്നാം സ്ഥാനത്തുള്ള ഈജിപ്തിൽനിന്നുള്ള 39,037 എൻജിനീയർമാരും സൗദി അറേബ്യയിൽനിന്നുള്ള 38,189 എൻജിനീയർമാരും ഇന്ത്യയിൽ നിന്നുള്ള 18,976 എൻജിനീയർമാരും ജോർദാനിൽ നിന്നുള്ള 11,542 എൻജിനീയർമാരും ഫിലിപ്പൈൻസിൽ നിന്നുള്ള 1087 എൻജിനീയർമാരുമാണ് ഇതിനകം അക്രഡിറ്റേഷൻ നേടിയത്. 
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ 2512 എൻജിനീയറിംഗ് ഓഫീസുകളും 257 എൻജിനീയറിംഗ് കമ്പനികളും രജിസ്റ്റർ ചെയ്തു. ഇതിൽ പതിനൊന്നെണ്ണം വിദേശ കമ്പനികളും 246 എണ്ണം സൗദി കമ്പനികളുമാണ്. 62 ആർബിട്രേറ്റർമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, റിയാദ് നഗരസഭ, നാഷണൽ ഇൻഫർമേഷൻ സെന്റർ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, പാർപ്പിടകാര്യ മന്ത്രാലയം, വാണിജ്യ-നിക്ഷേപ മന്ത്രാലയം എന്നിവയുമായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് 600 ലേറെ എൻജിനീയറിംഗ് കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലന അവസരങ്ങൾ ലഭ്യമാക്കിയിരുന്നെന്നും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കി.
 

Latest News