ഭുവനേശ്വര്‍- ഗാന്ധിജി കൊല്ലപ്പെട്ടത് അപകടത്തിലാണെന്ന ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പുറത്താക്കിയതായും രണ്ട് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതായും ഒഡീഷ മാസ് എജുക്കേഷന്‍ മന്ത്രി സമിര്‍ രഞ്ജന്‍ ദാസ് നിയമസഭയെ അറിയിച്ചു. പുതുക്കിയ ബുക്ക്‌ലെറ്റ് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ നിയമസഭാ സ്പീക്കര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഗാന്ധിയുടെ മരണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികള തെറ്റിദ്ധരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും വിഷയം സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് നരസിംഹ മിശ്ര ആവശ്യപ്പെട്ടിരുന്നു.
ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആമ ബാപുജി, ഏക ജല്‍ക (നമ്മുടെ ബാപ്പുജി, ഒറ്റനോട്ടത്തില്‍) എന്ന ബുക്ക്‌ലെറ്റിലാണ് വിവാദ പരാമര്‍ശമുള്ളത്. ബിര്‍ള ഹൗസില്‍ പെട്ടെന്നുള്ള സംഭവവികാസങ്ങള്‍ക്കിടയിലുണ്ടായ അപകടത്തില്‍ പെട്ട് 1948 ജനുവരി 30ന് ഗാന്ധിജി മരിച്ചുവെന്നാണ് ബുക്ക്‌ലെറ്റിലുള്ളത്.
സത്യവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ക്‌ലെറ്റ് പുറത്തിറക്കിയതിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മാപ്പു പറയണമെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളുകളിലേക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ബുക്ക്‌ലെറ്റിലാണ് ഗാന്ധിയുടെ മരണം അപകടത്തിലാണെന്ന് ചിത്രീകരിച്ചിരിക്കുന്നത്.