Sorry, you need to enable JavaScript to visit this website.

രാജ്യത്തെ 13 നഗരങ്ങളില്‍ വിതരണം ചെയ്യുന്നത്  കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം-മന്ത്രി 

ന്യൂദല്‍ഹി-രാജ്യത്തെ 13 സുപ്രധാന നഗരങ്ങളില്‍ വിതരണം ചെയ്യുന്നത് കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളമാണെന്ന് കേന്ദ്രസര്‍ക്കാര്‍. 21 പ്രമുഖ നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ്. ഡല്‍ഹിയുള്‍പ്പെടെയുള്ള 13 സംസ്ഥാന തലസ്ഥാനങ്ങളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കുടിക്കാന്‍ യോഗ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്. ചണ്ഡിഗഡ്, പാട്‌ന, ഭോപാല്‍,ഗുവാഹതി, ബെംഗളൂരു, ഗാന്ധിനഗര്‍, ലഖ്‌നൗ, ജമ്മു, ജയ്പുര്‍,ഡെറാഡുണ്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങള്‍.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. ദല്‍ഹിയിലെ 11 സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാമ്പിളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.
ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ എന്ത് സഹായമാണ് കേന്ദ്രം നല്‍കേണ്ടതെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കുടിക്കാന്‍ യോഗ്യമായ ശുദ്ധമായ വെള്ളം പൈപ്പില്‍ നിന്ന് ലഭിക്കണം. രോഗങ്ങളുണ്ടാക്കുന്ന വെള്ളം അവര്‍ക്ക് ലഭിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് വെള്ളത്തിന്റെ നിലവാരം പരിശോധിച്ചത്. ദല്‍ഹി ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. ഇന്ത്യയിലെ പൈപ്പ് വെള്ളത്തിന്റെ നിലവാരം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിനെയാണ് നിയോഗിച്ചത്. ഇതനുസരിച്ച് 48 ഘടകങ്ങള്‍ പരിശോധിച്ചാണ് പൈപ്പ് വെള്ളം കുടിക്കാന്‍ യോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്.

Latest News