Sorry, you need to enable JavaScript to visit this website.

റാഫി: ഭാവിയിലേക്കൊരു താരം

ജൂനിയർ ഐ-ലീഗിലെ മിന്നും പ്രകടനങ്ങളുമാണ് മുഹമ്മദ് റാഫിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. നേപ്പാളിൽ നടന്ന സാഫ് ഗെയിംസിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ റാഫി നേടിയ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. അഞ്ച് വിദേശ രാജ്യങ്ങളിൽ റാഫി ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. 


ദമാം പ്രിൻസ് ജലവി സ്‌റ്റേഡിയത്തിൽ അണ്ടർ-19 ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ഗ്രൂപ്പ് എഫ് യോഗ്യതാ മത്സരങ്ങളുടെ ആദ്യ ദിനം. മികച്ച താരനിരയുമായെത്തിയ ഉസ്‌ബെക്കിസ്ഥാനാണ് മുമ്പിൽ. രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങിയ  ഇന്ത്യൻ ടീമിന്റെ മങ്ങിയ പ്രകടനത്തിൽ മത്സരം കാണാനെത്തിയ ഇന്ത്യൻ പ്രവാസികളുടെ മുഖത്ത് നിരാശ. പക്ഷേ പ്രതീക്ഷ കൈവിടാതെ ഗാലറിയുടെ അരികിലെത്തി വരും മത്സരങ്ങളിൽ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ചു മുവാറ്റുപുഴയിൽ നിന്നുള്ള പ്രതിരോധ നിരക്കാരൻ  മുഹമ്മദ് റാഫി.  ജൂൺ ആദ്യവാരം റഷ്യയിൽ നടന്ന ഗ്രനാക്ടിൻ മെമ്മോറിയൽ ഇന്റർനാഷണൽ ടൂർണമെന്റിനുള്ള അണ്ടർ -19 ടീമിലാണ് റാഫിക്ക് ആദ്യമായി ഇന്ത്യൻ ജഴ്‌സിയണിയാൻ അവസരം ലഭിച്ചത്. മുവാറ്റുപുഴ സ്വദേശി കല്ലിൽമൂട്ടിൽ മുജീബിന്റേയും, നസ്രീനയുടെയും മകനാണ് മുഹമ്മദ് റാഫി. 


കഠിനപ്രയത്‌നത്തിലൂടെ എന്തൊക്ക നേടാം എന്നതിന്റെ പര്യായമായിരുന്നു മുവാറ്റുപുഴക്കാർക്ക് റാഫി. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുവാറ്റുപുഴ ആറ്റുവേലിൽ അക്കാഡമിയിലെ അശോകൻ ആറ്റുവേലിയാണ് റാഫിയിലെ ഫുട്‌ബോൾ കളിക്കാരനെ തിരിച്ചറിഞ്ഞത്. അശോകന്റെ ശിക്ഷണത്തിൽ തുടങ്ങിയ ഫുട്‌ബോൾ പഠനം. അവിടെനിന്നും നാടും നാട്ടുകാരും അറിയും വിധം ഗോളുകൾ അടിച്ചു കൂട്ടി അശോകന്റെ പ്രിയ ശിഷ്യരിലൊരാളായി റാഫി മാറി. 
മറ്റൊരു സ്‌കൂളിൽ പഠിച്ചിരുന്ന റാഫിയെ ഫുട്‌ബോൾ കളിക്കാരൻ കൂടിയായ പിതാവ് മുജീബ് ഫുട്‌ബോൾ പരിശീലനം മാത്രം ലക്ഷ്യമാക്കിയാണ് എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂൾ ഫുട്‌ബോൾ ടീമുകളിലൊന്നായ തർബിയത്തിലേക്ക് മാറ്റുന്നത്. എറണാകുളത്തെ പെലെ എന്നറിയപ്പെട്ടിരുന്ന പെലെ നസീർ പിതൃ സഹോദരനാണ്. തോൽക്കുമെന്ന് തോന്നുന്നിടത് വിജയ ശില്പിയാകുവാനുള്ള അവന്റെ കഴിവും കായിക മികവും കണ്ടെത്തിയ കായികാദ്ധ്യാപകൻ രാജു സാറിൽ നിന്ന് പുതിയ പാഠങ്ങൾ അവൻ സ്വായത്തമാക്കി.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എറണാകുളം ജില്ലാ ടീമിൽ ഇടം നേടിയതോടെയാണ് റാഫി കൂടുതൽ ശ്രദ്ധേയനാവുന്നത്.


ഇന്ത്യയിലെ പ്രശസ്ത സ്‌പോർട്‌സ് ചാനലായ സ്റ്റാർ സ്‌പോർട്‌സ് നടത്തിയ യങ് ചലഞ്ച് ഫുട്‌ബോൾ ടൂർണമെന്റിൽ തന്റെ കഴിവ് തെളിയിച്ചതോടെ റാഫി പറന്നത് സ്‌പെയിനിലേക്കായിരുന്നു. മഡ്രിഡിൽ ഒരു മാസക്കാലത്തെ വിദേശ പരിശീലനം ഏറെ മാറ്റങ്ങളുണ്ടാക്കിയെന്ന് റാഫി പറഞ്ഞു. തുടർന്ന് കേരളത്തിന്റെ കാൽപ്പന്തു കളിയുടെ മക്ക എന്നറിയപ്പെടുന്ന മലപ്പുറത്തെ എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനം. തൊട്ടുപിന്നാലെ ഇന്ത്യൻ ഫുട്‌ബോളിന്റെ നെടുംതൂണായി മാറിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂർ എഫ് സി യിൽ. രണ്ട് കൊല്ലത്തെ കഠിന പരിശീലനവും, ഫുട്‌ബോൾ പഠനങ്ങളും ഇന്ത്യയിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ പങ്കെടുത്ത പരിചയസമ്പത്തും, ജൂനിയർ ഐലീഗിലെ മിന്നും പ്രകടനങ്ങളുമാണ് മുഹമ്മദ് റാഫിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. പഠനകാലത്ത് മുവാറ്റുപുഴ ഫുട്‌ബോൾ ക്ലബ്ബിന്റെ ഫുട്‌ബോൾ അക്കാദമിയുടെ അവധിക്കാല പരിശീലനക്കളരിയിലെ മികച്ച പരിശീലനവും പ്രചോദനമായതായി റാഫി പറഞ്ഞു. നേപ്പാളിൽ നടന്ന സാഫ് ഗെയിമ്‌സിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ റാഫി നേടിയ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. അഞ്ച് വിദേശ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ റാഫി ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു.

ക്യാപ്റ്റൻ അമർജിത് കിയാം, നരേന്ദ്രൻ ഗെഹ്‌ലോട്ട്, ഗോൾകീപ്പർ സുഖിൻ കിൽ എന്നിവരോടൊപ്പം കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുകയാണ് റാഫി. ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ മെസ്സിയാണെങ്കിലും തന്റെ പൊസിഷൻ വെച്ച് നോക്കുമ്പോൾ ലിവർപൂളിന്റെ വിർജിൽ വാൻ ഡിക്കിനെ ഏറെ ഇഷ്ടപ്പെടുകയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സൗദി മലയാളികളുടെ ഫുടബോൾ കമ്പം അനുഭവിക്കുകയും ഇവിടെയും മലയാളികൾക്ക് ക്ലബുകളും അസോസിയേഷനുകളും ഉണ്ടെന്ന് അറിയുകയും ചെയ്തപ്പോൾ റാഫിക്ക് അദ്ഭുതം. പ്ലസ് ടു പൂർത്തിയാക്കിയ റാഫി ബാംഗ്ലൂർ എഫ് സി അക്കാദമിയിലാണ് പരിശീലനം നേടി കൊണ്ടിരിക്കുന്നത്. വിദേശ ടീമുകളുമായി കൂടുതൽ കളിക്കുകയും വിദേശ കളിക്കാരെ കൂടുതൽ നേരിടാൻ അവസരം കിട്ടുകയും ചെയ്താൽ ഇന്ത്യൻ ഫുടബോളിന് അദ്ഭുതങ്ങൾ സ്യഷ്ടിക്കാൻ സാധിക്കുമെന്നും അതിനുള്ള അവസരം കൂടിയാണ് ഐ.എസ്.എൽ എന്നും റാഫി വിലയിരുത്തുന്നു.

Latest News