മുംബൈ- ലൈസന്‍സില്ലാതെ ബൈക്കോടിക്കാന്‍, മുംബൈ പോലീസില്‍ കോണ്‍സ്റ്റബിളായ അച്ഛന്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരന്‍ മകന്‍ ഗുരുതരാവസ്ഥയില്‍. കോളെജിലേക്കു പോകാനാണ് കൗമാരക്കാരന്‍ അച്ഛനോട് ബൈക്ക് ആവശ്യപ്പെട്ടത്. ഇതിനെ ചൊല്ലി ഇരുവരും വാഗ്വാദവും ഉണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് 17കാരന്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. വഴക്കിട്ട് വീട്ടില്‍ കോളെജിലേക്ക് ഇറങ്ങിയ കൗമാരക്കാരന്‍ കയ്യില്‍ കാലി ബോട്ടിലും കരുതിയിരുന്നു. ഇതുപയോഗിച്ച് അച്ഛന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത ശേഷം കോളെജിലേക്കു പോയി. അവിടെ എത്തി ശുചിമുറിയില്‍ കയറിയാണ് പെട്രോല്‍ ശരീരത്തില്‍ ഒഴിച്ച് തീക്കൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.
ശുചിമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തീപ്പിടിച്ചതോടെ വാതില്‍ തുറന്ന് വിദ്യാര്‍ത്ഥി അലറിക്കരഞ്ഞ് പുറത്തേക്കോടുകയായിരുന്നു. ഇതു കണ്ട അധ്യാപകര്‍ രക്ഷിക്കാന്‍ ശ്രമിച്ചു. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്ക് ലഭിക്കാത്തതാണ് തീകൊളുത്താന്‍ കാരണമെന്ന് വിദ്യാര്‍ത്ഥി തന്നെയാണ് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അച്ഛന്റെ മൊഴി രേഖപ്പെടുത്തും.