ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ആദര്‍ശ് നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് ആക്രമികള്‍ ചേര്‍ന്ന് 20-കാരനെ ഓടിച്ചിട്ട് പിടികൂടി തല്ലിക്കൊന്നു. യാത്രക്കാരും കച്ചവടുക്കാരുമടക്കം അമ്പതോളം പേര്‍ നോക്കി നില്‍ക്കെയാണ് ആക്രമി സംഘം ജാഹാംഗീര്‍പുരി സ്വദേശിയായ രാഹുല്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവം നടക്കുമ്പോള്‍ ഒരാള്‍ പോലും യുവാവിന്റെ രക്ഷയ്‌ക്കെത്തിയില്ല. യുവാവിന്റെ നെഞ്ചിനും തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലും സംഘം ക്രൂരമായി മര്‍ദിച്ചതായി ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത പോലീസ് പറഞ്ഞു.
കൊലനടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ആക്രമികളേയും പൊലീസ് എത്തി പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട രാഹുലിനെ മീറ്ററുകളോളം തങ്ങള്‍ പിന്തുടരുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തങ്ങളിലൊരാളുടെ 20,000 രൂപ മോഷ്ടിച്ചതിനാണ് യുവാവിനെ മര്‍ദിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ഇവര്‍ പറഞ്ഞെങ്കിലും കൊല്ലപ്പെട്ട രാഹുലില്‍ നിന്ന് ഈ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആക്രമികള്‍ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആസാദ്പൂര്‍ പച്ചക്കറി ചന്തയില്‍ ലോഡിറക്കു തൊഴിലാളിയായിരുന്ന രാഹുല്‍ ട്രക്ക് ഡ്രൈവറുടെ കയ്യിലെ 20,000 രൂപയാണ് തട്ടിപ്പറിച്ചു ഓടിയതെന്ന് പ്രതികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. ട്രക്ക് ഡ്രൈവറും സുഹൃത്തുക്കളായ രണ്ട് ലോഡിറക്കു തൊഴിലാളികളുമാണ് രാഹുലിനെ പിന്തുടര്‍ന്ന് ആക്രമിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ സംഭവം കണ്ടു നിന്ന ആരും ഇടപെട്ടില്ലെങ്കിലും അവരിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. രാഹുല്‍ പണം മോഷ്ടിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.