പനജി- ഗോവയിലെ ഡബോലിമില്‍ ഇന്ത്യന്‍ നാവിക സേനയുടെ മിഗ് 29കെ ട്രെയ്ന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണു. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ഹന്‍സയില്‍ നിന്നാണ് പോര്‍ വിമാനം പറന്നുയര്‍ന്നത്. എന്‍ജിനില്‍ തീപ്പിടിച്ചാണ് വിമാനം താഴേക്കു പതിച്ചത്. പുറന്തള്ളപ്പെട്ട പൈലറ്റുമാരായ ക്യാപ്റ്റന്‍ എം ശിയോഖാണ്ഡ്, ലെഫ്. കമാന്‍ഡര്‍ ദീപക് യാദവ് എന്നിവര്‍ പാരച്യൂട്ടില്‍ വയല്‍ പ്രദേശത്ത് വീണു. പക്ഷിയിടിച്ചാണ് എന്‍ജിനില്‍ തീപ്പിടിച്ചതെന്ന് സംശയിക്കപ്പെടുന്നു. സ്ഥിരീകരിച്ചിട്ടില്ല. ട്രെയ്‌നി പൈലറ്റുമാര്‍ പറക്കല്‍ പരിശീലനം നടത്തുന്ന വിമാനമാണിതെന്ന് നാവിക സേന അറിയിച്ചു. സമീപ വാസികളെത്തിയാണ് നിലത്തു വീണ പൈലറ്റുമാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയത്. ഇരുവരും സുരക്ഷിതരാണ്.