ചെന്നൈ- മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈയില്‍ എത്തിയ പിതാവ് അബ്ദുല്ലത്തീഫും ബന്ധുക്കളും ഗവര്‍ണറെ കൂടി കണ്ട് നിവേദനം നല്‍കാന്‍ ശ്രമിക്കുകയാണ്. ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടിരുന്നു.
ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഐഐടി ഡയറക്ടറെയും ഡീനിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരാണ് മരണത്തിനു കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ്. ഇവരെ ക്രൈംബ്രാഞ്ച് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.
ഫാത്തിമയുടെ മരണത്തില്‍ ഐഐടിക്ക് അകത്തും പുറത്തും പ്രതിഷേധം ഉയരുന്നുണ്ട്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസും ഐഐടി അധികൃതരും ഒത്തു കളിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പ് എഫ്.ഐ.ആറിനോടൊപ്പം ചേര്‍ത്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും പിതാവ് ലത്തീഫ് പരാതിപ്പെടുന്നു.