കണ്ണൂർ - മൂത്ത സഖാവ് മാനേജരായാൽ സ്കൂളിൽ കഴുത്തറുപ്പ് കൂടുതലാണെന്ന് പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭൻ. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ ശതോത്തര സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പത്മനാഭൻ.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റിന് ലക്ഷങ്ങൾ കോഴ കൊടുത്ത് ജോലി വാങ്ങുന്ന അധ്യാപകന് എന്തു സാമൂഹ്യ പ്രതിബദ്ധതയാണുള്ളത്. എന്റെ അടുത്ത സുഹൃത്തായ സഖാവ് ഗോപാലൻ, നാട്ടിലെ സ്കൂളിലെ മാനേജരായി എത്തിയപ്പോൾ അതുവരെ വാങ്ങിയതിന്റെ ഇരട്ടി കോഴയാണ് വാങ്ങിയത്. സഖാവേ നിങ്ങളിത് ചെയ്യുന്നത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു. ഞാനായിട്ട് എന്തിനാണ് കുറക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫാസിസത്തെ എതിർക്കാൻ ഘോര ഘോരം പ്രസംഗിക്കുന്ന വിപ്ലവകാരിയും ഒരു നാണവുമില്ലാതെ ലക്ഷങ്ങൾ കോഴ കൊടുത്താണ് ഇത്തരം സ്കൂളുകളിൽ അധ്യാപകരാവുന്നത്. കോഴ കൊടുത്ത് ജോലി വാങ്ങുന്ന അധ്യാപകന് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഉണ്ടാവുക -പത്മനാഭൻ ചോദിച്ചു.
പഴയകാല ജന്മിമാരും രാജാക്കന്മാരും കാശുണ്ടാക്കാനല്ല വിദ്യാലയങ്ങൾ തുടങ്ങിയത്. അറിവ് നൽകാനായിരുന്നു. അവർ സ്ഥാപിച്ചതാണ് കണ്ണൂരിലെ ചിറക്കലിലടക്കമുള്ള രാജാസ് സ്കൂളുകൾ. രാജകുടുംബം പണം വാങ്ങി അധ്യാപകരെ നിയമിച്ചിരുന്നില്ല. അടുത്തിടെ വിപ്ലവകാരികൾ നടത്തുന്ന ഒരു ബാങ്ക് ആ വിദ്യാലയം വിലയ്ക്കു വാങ്ങി. ഇത് മാതൃകാ വിദ്യാലയമാകുമെന്ന് കരുതി. എന്നാൽ ഇന്ന് ആ വിദ്യാലയം അടച്ചുപൂട്ടാവുന്ന അവസ്ഥയിലെത്തിച്ചു. സ്കൂൾ അടച്ചു പൂട്ടിക്കുകയാണ് വിപ്ലവകാരികളുടെ ലക്ഷ്യമെന്ന് പിന്നീട് മനസിലായി. കാരണം വിദ്യാലയം കണ്ടിട്ടല്ല അവർ കാശ് മുടക്കിയത്. പൊന്നിനേക്കാൾ വിലയുള്ള ഏക്കർ കണക്കിന് ഭൂമി കണ്ടിട്ടാണ്. സ്കൂൾ അടച്ചുപൂട്ടിയാലേ അവർക്ക് അവിടെ വ്യാപാര സമുച്ചയം പണിത് കൊള്ള നടത്താൻ കഴിയുകയുള്ളൂ. ഈ മഹാത്മാക്കളുടെ മുന്നിൽ കൈകൂപ്പുകയാണ്. നിങ്ങൾക്ക് എന്നെങ്കിലും സൽബുദ്ധിയുണ്ടാവണേ എന്നാണ് പ്രാർഥന -പത്മനാഭൻ പറഞ്ഞു.
ശതോത്തര സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര നടന്നു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും.