ന്യൂദല്‍ഹി-കുഞ്ഞിനെ സാക്ഷിയാക്കി ഒരു പ്രൊഫഷന്‍ സ്വീകരിക്കുകയെന്നത് ഏത് അമ്മമാരെ സംബന്ധിച്ചും വൈകാരികമായ കാര്യം തന്നെയാകും. ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. അമ്മ അഭിഭാഷകയായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കുമ്പോള്‍ ഇവരുടെ കുഞ്ഞിനെ ജഡ്ജ് പരിപാലിക്കുന്ന ദൃശ്യങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്.വാഷിംഗ്ടണ്‍ ഡിസി സ്‌റ്റേറ്റ് കോര്‍ട്ട് അപ്പീല്‍സ് ജഡ്ജ് റിച്ചാര്‍ഡ് ഡിന്‍കിന്‍സാണ് കൈയില്‍ കുഞ്ഞിനെ താലോലിച്ച് അഭിഭാഷകയായി ചുമതലയേല്‍ക്കുന്ന ജൂലിയാന ലാമറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലാമറിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ സുഹൃത്ത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ലോകം മുഴുവന്‍ ഈ ജഡ്ജിനും, അമ്മയ്ക്കും, കുഞ്ഞിനും കൈയടിച്ചത്.
സദസ്സില്‍ ഇരുത്തിയ മകന്‍ ബെക്കാമിനെ കണ്ടപ്പോള്‍ ജഡ്ജാണ് വേണമെങ്കില്‍ അമ്മയുടെ സത്യപ്രതിജ്ഞയുടെ ഭാഗമായി ഇവനെയും മാറ്റാമെന്ന് അഭിപ്രായപ്പെട്ടതെന്ന് ലാമര്‍ വ്യക്തമാക്കി. പുതിയ അറ്റോണിയായ ലാമറിന്റെ മെന്ററായിരുന്നു ജഡ്ജ് ഡിന്‍കിന്‍സ്. ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിയമം പഠിക്കുമ്പോള്‍ ജഡ്ജിയുടെ ക്ലര്‍ക്ക് ജോലികള്‍ ഇവര്‍ നിര്‍വ്വഹിച്ചിരുന്നു. വിദ്യാര്‍ത്ഥി ആയിരിക്കവെയാണ് ലാമര്‍ ബെക്കാമിനെ ഗര്‍ഭം ധരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് കുഞ്ഞ് പിറന്നത്. എന്തായാലും ജഡ്ജ് തനിക്ക് സമ്മാനിച്ചത് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത നിമിഷങ്ങളാണെന്ന് ലാമര്‍ കൂട്ടിച്ചേര്‍ത്തു. ജഡ്ജ് ലാമര്‍ ഒരു അമ്മയ്ക്ക് നല്‍കിയ ആദരവാണെന്ന് കാഴ്ചക്കാര്‍ പ്രശംസിക്കുന്നു.